KeralaLatest

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി – മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: എല്ലാ വകുപ്പുകളിലേയും മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ‌നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകള്‍ വേഗത്തില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കൃത്യത ഉറപ്പു വരുത്താന്‍ പരിശോധനകള്‍ തുടരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്‍ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കൃത്യത പരിശോധിക്കുന്നതിനായി അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോ​ഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യായിരത്തിലേറെ റാങ്ക് പട്ടികകളുടെ കാലാവധി ഓ​ഗസ്റ്റ് ‌‌‌നാലിന് അവസാനിക്കു‌കയാണ്. ഈ സാഹചര്യത്തിലാണ് മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

Related Articles

Back to top button