KeralaLatest

ഓണക്കിറ്റുകളിൽ ഇടം നേടി കേരളത്തിലെ തനത് ഗ്രാമീണ ഉൽപ്പന്നങ്ങളും

“Manju”

റിപ്പോർട്ട് : മഹേഷ് കൊല്ലം

തിരുവനന്തപുരം : പതിനാറിന സാധനങ്ങളുമായി സ്പെഷ്യൽ ഓണക്കിറ്റ് റെഡി. ഇത്തവണ കേരളത്തിലെ തനത് ഗ്രാമീണ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ഓണക്കിറ്റുകൾ വീടുകളിൽ എത്തുന്നത്. കശുവണ്ടിപ്പരിപ്പും ഏലക്കയും കുടുംബശ്രീ ഉൽപ്പന്നങ്ങളായ ശർക്കരവരട്ടിയും ഉപ്പേരിയും, മിൽമയുടെ നെയ്യ്, കേരഫെഡിന്റെ വെളിച്ചെണ്ണ എന്നിവയും കിറ്റിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന നേന്ത്രക്കുലകളും കേരകർഷകരിൽനിന്ന് സംഭരിക്കുന്ന കൊപ്ര ആട്ടിയ വെളിച്ചെണ്ണയുമാകും ഉപ്പേരിക്ക് ഉപയോഗിക്കുകയെന്ന് കുടുംബശ്രീ ഭാരവാഹികൾ പറഞ്ഞു.

568 രൂപ 75 പൈസ വില നിശ്ചയിച്ചിരിക്കുന്ന ഓണക്കിറ്റിൽ ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, 500ഗ്രാം ചെറുപയർ, 250ഗ്രാം തുവരപ്പരിപ്പ് , 100ഗ്രാം തേയില, 100 ഗ്രാം മുളകു് അല്ലെങ്കിൽ മുളകുപൊടി , ഒരു കിലോ ശബരി പൊടിയുപ്പ് , 100ഗ്രാം മഞ്ഞൾ, 180 ഗ്രാം സേമിയയോ പാലടയോ അല്ലെങ്കിൽ 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ് ,20 ഗ്രാം ഏലയ്ക്കാ, 50 മി.ല്ലി. നെയ്യു്, 100 ഗ്രാം ശർക്കരവരട്ടിയോ ഉപ്പേരിയോ, ഒരു കിലോ ആട്ട, ശബരി കുളി സോപ്പ് എന്നിവയും ഇവ നിറക്കാനുള്ള തുണി സഞ്ചിയും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സ്പെഷ്യൽ ഓണക്കിറ്റ്.

തുണി സഞ്ചിയും കുടുംബശ്രീ ഉൽപന്നമാണ് . കേരളത്തിലെ തനത് ഗ്രാമീണ ഉത്പന്നങ്ങൾ ഓണക്കിറ്റുകളിൽ ഉൾപ്പെടുത്തുക വഴി കോവിഡ് സാഹചര്യത്തിൽ നിലനിൽക്കുന്ന അനല്പമായ തൊഴിൽ സ്തംഭനത്തിനു് ആശ്വാസം നൽകാനായെന്നു് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Back to top button