LatestThiruvananthapuram

ടൂറിസ്റ്റ് ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്ന ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ടൂറിസ്റ്റ് പാക്കേജ് ടാക്‌സി തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തൊഴിലാളികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ടൂറിസം മേഖലയിലെ ടാക്‌സി തൊഴിലാളികള്‍ക്ക് ഏകീകൃത ഐഡി കാര്‍ഡ് വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ശുചിമുറി, വിശ്രമ സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡ്രൈവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ‘തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അതത് മേഖലയിലെ റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകളുടെ കൂടി മുന്‍കൈയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ധനകാര്യ, തൊഴില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും സംഘടനാപ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ മാനസികാരോഗ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്താന്‍ വിനോദസഞ്ചാര വകുപ്പ് പ്രതിജ്ഞാബന്ധമാണെന്നും അവരുടെ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുമെന്നും’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, റിസോര്‍ട്ട്, ഹോട്ടല്‍, ഹൗസ്‌ബോട്ട് മാനേജ്‌മെന്റുകള്‍ എല്ലാവരും ഒരുമിച്ച്‌ നിന്നാലേ ടൂറിസം മേഖലയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകൂവെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പി.നന്ദകുമാര്‍ എംഎല്‍എ, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി വി.വേണു, ഡയറക്ടര്‍ കൃഷ്ണ തേജ്, യൂണിയന്‍ പ്രതിനിധികളായ തങ്കച്ചന്‍, മുഹമ്മദ് നിസാര്‍, അന്‍സാര്‍ സി.എം, ശ്രീനിവാസ് കെ, അബിന്‍ സുകുമാരന്‍, ജോമോന്‍ ജോയ്, എസ്. നാഗസംഗീത്, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button