IndiaLatest

വിദേശ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

“Manju”

ഡല്‍ഹി : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ഹൈ-റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച്‌ ആര്‍.ടി പി.സി.ആര്‍ പരിശോധനയും തുടര്‍ന്ന് ഏഴ് ദിവസത്തെ ക്വാറന്റീനും നിര്‍ബന്ധമാണ്. അതെ സമയം മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

ഡിസംബര്‍ ഒന്നാം തീയ്യതി പുലര്‍ച്ചെ 12.01 മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് വഴിയാണ് ഇത് ചെയ്യേണ്ടത്. യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലവും ഇതില്‍ അപ്‍ലോഡ് ചെയ്യണം.

ഇന്ത്യയില്‍ എത്തിയ ശേഷം രോഗ ലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ അവരുമായി സമ്പര്‍ക്കമുള്ളവരെയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. അതേസമയം ഹൈ-റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച്‌ വീണ്ടും കൊവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കും. ഇവര്‍ക്ക് പരിശോധനാ ഫലം വരുന്നത് വരെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാനോ കണക്ഷന്‍ ഫ്ലൈറ്റുകളില്‍ കയറാനോ സാധിക്കില്ല. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയുകയും എട്ടാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം. ആ പരിശോധനയിലും നെഗറ്റീവാണെങ്കില്‍ പിന്നീട് ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

ഹൈ റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ പരിശോധനയില്‍ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയാല്‍ അവരുടെ സാമ്പിളുകള്‍ ജീനോമിക് പരിശോധനക്ക് അയക്കും. ഇവരെ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച്‌ ചികിത്സ നല്‍കും. ഇത്തരം രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലോ അല്ലെങ്കില്‍ ഹോം ക്വാറന്റീനിലോ താമസിപ്പിച്ച്‌ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നാണ് നിര്‍ദേശം. അതെ സമയം ഹൈ റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് അല്ലാതെ വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങാന്‍ അനുവദിക്കും. ഇവര്‍ പിന്നീട് 14 ദിവസം സ്വയം ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം.

Related Articles

Back to top button