IndiaLatest

നടന്‍ വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ

“Manju”

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ പ്രവേശന നികുതിയില്‍ ഇളവ് തേടി വിജയ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നത്.

സിനിമയിലെ ഹീറോ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആയി മാറരുതെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്.

അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു. പ്രവേശന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെയല്ല തന്റെ കക്ഷി ചോദ്യം ചെയ്യുന്നതെന്നും മറിച്ച്‌ കോടതിയുടെ ‘കഠിന’ പരാമര്‍ശങ്ങളാണ് അതിന് വഴിവച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.

കേസ് അധികകാലം നീട്ടിക്കൊണ്ടുപോകാന്‍ വിജയ് ആഗ്രഹിക്കുന്നില്ലെന്നും ആയതിനാല്‍ ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ചെല്ലാന്‍ അയക്കാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Related Articles

Back to top button