India

കല്ലെടുത്തവർ സംരംഭകരായി; ഭീകരവാദം കുറഞ്ഞു ;  ജമ്മു കശ്മീർ മാറുന്നു

“Manju”

ശ്രീനഗർ : കല്ലേറിനും ഭീകരാക്രമണങ്ങൾക്കും കുപ്രസിദ്ധി നേടിയ പ്രദേശമായിരുന്നു ജമ്മു കശ്മീരിലെ ഷോപ്പിയാൻ. സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലേറും ഗ്രനേഡ് ആക്രമണവും നിരന്തരമായി നടന്നിരുന്ന പ്രദേശം. പാകിസ്താനോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാൽ നുഴഞ്ഞുകയറ്റവും വർദ്ധിച്ചിരുന്നു. എന്നാൽ ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ നീക്കം ചെയ്തതോടെ ഷോപ്പിയാനിൽ അക്രമങ്ങൾ കുറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഷോപ്പിയാനിൽ നിന്നും 45 കിലോമീറ്റർ മാത്രം ദൂരമാണ് പാകിസ്താനിലേയ്‌ക്ക് ഉള്ളത്. പ്രദേശത്തെ ജനങ്ങൾക്ക് സാക്ഷരത കുറവായതിനാൽ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പാക് ഭീകരസംഘടനകൾ ഇവരെ ഉപയോഗിക്കുകയായിരുന്നു. ഗ്രനേഡ് ആക്രമണങ്ങളും ചാവേർ ആക്രമണങ്ങളും ജില്ലയിൽ സാധാരണയായി മാറി. ആപ്പിൾ കൃഷിയിൽ പ്രശസ്തി നേടിയ ഷോപ്പിയാനിലെ ആപ്പിൾ തോട്ടങ്ങൾ ഭീകരർ താവളമാക്കി മാറ്റുകയായിരുന്നു. എന്നാൽ 2019 ഓഗസ്റ്റ് 5 അമിതാധികാരം നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതോടെ ജില്ലയിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ സാധിച്ചെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഷോപ്പിയാനിലെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യ രേഖയ്‌ക്ക് താഴെയായിരുന്നതിനാലും സാക്ഷരത കുറവായതിനാലുമാണ് ഭീകരാക്രമണങ്ങളും മറ്റും അരങ്ങേറിയത്. എന്നാൽ അമിതാധികാരം എടുത്തുമാറ്റിയതോടെ ഇത്തരത്തിലുള്ള പ്രവണതകൾ മാറിയിരിക്കുകയാണ്. നിരവധി പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ യുവാക്കളെ ആകർഷിച്ചു. കേന്ദ്ര സഹായത്തോടെ ജമ്മു കശ്മീരിലെ ആളുകൾ സ്വയം തൊഴിൽ ഉൾപ്പെടെ കണ്ടെത്തി. ഹോട്ടലുകളും ഷോറൂമുകളും ആരംഭിച്ചതോടെ വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം കൈവരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

Related Articles

Back to top button