IndiaLatest

ചന്ദ്രയാന്‍ – 3 വിക്ഷേപണം ജൂലായ് 12ന്

“Manju”

തിരുവനന്തപുരം: ചന്ദ്രനില്‍ ലാൻഡര്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 – ജൂലായ് 12ന് വിക്ഷേപിച്ചേക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍.വി.എം 3) റോക്കറ്റില്‍ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം.

ചന്ദ്രയാൻ 2ല്‍ നിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തില്‍ ഉപഗ്രഹം ഇല്ല. പ്രൊപ്പല്‍ഷൻ മൊഡ്യൂളും ( റോക്കറ്റ് ) ലാൻഡറും റോവറുമാണുള്ളത്. ആകെ ഭാരം 3900 കിലോഗ്രാം. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങള്‍ക്കൊപ്പം ചന്ദ്രനില്‍ റോവറിനെ ഇറക്കാനുള്ള വൈദഗ്ദ്ധ്യം തെളിയിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

2019ല്‍ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ വിക്രം ലാൻഡര്‍ ലാൻഡിങ്ങിനു തൊട്ടു മുൻപ് പൊട്ടിച്ചിതറിയിരുന്നു. പരിഷ്‌കരിച്ച പുതിയ ലാൻഡര്‍ കൂടുതല്‍ കരുത്തുറ്റതാണ്. 615കോടി രൂപയാണ് ചെലവ്. ചന്ദ്രയാൻ 2ന് 960കോടിയും ചന്ദ്രയാൻ 1ന് 386 കോടിയുമായിരുന്നു ചെലവ്.

വിക്ഷേപണം മുതല്‍ ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്ത് റോക്കറ്റില്‍ ( പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍) എത്തിക്കും. അവിടെ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ വേര്‍പെട്ട് ലാൻഡര്‍ ചന്ദ്രനെ വൃത്താകൃതിയില്‍ വലംവയ്‌ക്കും. ഈ സമയത്ത് ചന്ദ്രോപരിതലത്തിലെ ചൂട്, ലാൻഡ് ചെയ്യാനുള്ള സ്ഥലം, അവിടെ ഭൂകമ്ബം പോലുള്ള പ്രകമ്ബനങ്ങളുണ്ടോ തുടങ്ങിയവ പരിശോധിക്കും. പിന്നീട് സോഫ്റ്റ് ലാൻഡ് ചെയ്യും. പരിസരം പരിശോധിച്ച്‌ റോവറിനെ മെല്ലെ പുറത്തിറക്കും. റോവറിന് ലാൻഡറുമായി മാത്രമാണ് വാര്‍ത്താവിനിമയം. ലാൻഡറിലൂടെയാവും ഭൂമിയില്‍ നിന്ന് റോവറിലേക്ക് നിര്‍ദ്ദേശങ്ങള്‍ പോകുക.

റോവറിന്റെ ദൗത്യം

ചന്ദ്രന്റെ മണ്ണിലെ മൂലകങ്ങള്‍, ആണവസാന്നിദ്ധ്യം തുടങ്ങിയവ പരിശോധിക്കും. മൂലക ഘടന കണ്ടെത്താൻ ആല്‍ഫ കണികാ എക്സ്റേ സ്പെക്‌ട്രോമീറ്റര്‍, ലേസര്‍ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍.

ലാൻഡറിന്റെ ദൗത്യം

താപ ചാലകതയും താപനിലയും അളക്കാനുള്ള തെര്‍മോഫിസിക്കല്‍ ഉപകരണം. ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ഭൂചലനങ്ങള്‍ അളക്കാനുള്ള ലൂണാര്‍ സീസ്‌മിക് ആക്ടിവിറ്റി ഉപകരണം. പ്ലാസ്‌മ സാന്ദ്രതയും അതിന്റെ വ്യതിയാനങ്ങളും കണക്കാക്കാൻ ലാങ്മുയര്‍ പ്രോബ്. ലേസര്‍ റേഞ്ചിംഗ് പഠനത്തിന് നാസയുടെ ലേസര്‍ റിട്രോഫ്ലെക്റ്റര്‍ അറേ.

 

Related Articles

Check Also
Close
Back to top button