Kerala

ഓണക്കിറ്റ് വിതരണം തുടങ്ങി ; ആദ്യ ഘട്ടത്തിൽ മഞ്ഞ കാർഡുകാർക്ക്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 570 രൂപയുടെ സാധനങ്ങളാണ് കിറ്റിൽ ഉള്ളതെന്നും , അടുത്തമാസം 16 നകം കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് സിവിൽ സപ്ലൈസ് നൽകുന്നതെന്ന അവകാശവാദം തനിക്കില്ലെന്നും , ഗുണമേന്മ മെച്ചപ്പെടുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക. കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു . ഇത്തവണത്തെ ഓണക്കിറ്റിൽ നിന്ന് പപ്പടവും ഒഴിവാക്കിയിട്ടുണ്ട് . കഴിഞ്ഞ ഓണക്കിറ്റിൽ നൽകിയ പപ്പടം ഗുണനിലവാരം കുറഞ്ഞാണെന്ന് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു .

പരിശോധനയിൽ സാംപിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു .

മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണ കിറ്റ് വിതരണമാണ് ഇന്ന് തുടങ്ങിയത്. ഇത് രണ്ടാം തീയതിയ്‌ക്കകം പൂർത്തിയാക്കാനാണ് തീരുമാനം . ആഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.

Related Articles

Back to top button