EntertainmentIndiaLatest

പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു

“Manju”

ചെന്നൈ: തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറണാകുളം കാരയ്‌ക്കാട്ടു മാറായില്‍ ബാലകൃഷ്‌ണ മേനോ​േന്‍റയും രാജമ്മയുടെയും മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍ യുവജനോത്സവത്തിലൂടെയാണ് ഗാനാലാപന രംഗത്തേക്കു വരുന്നത്.
അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്‍റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്ല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1973 ല്‍ തോപ്പില്‍ ഭാസിയുടെ ‘അബല’യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്. 1979 ല്‍ ശിവാജി ഗണേശന്‍റെ ‘നല്ലതൊരു കുടുംബ’മെന്ന സിനിമയിലൂടെയാണ് തമിഴിലെ അരങ്ങേറ്റം. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴിലും താരമായി.
‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’, ‘ഋതുഭേദ കല്‍പന…’, ‘ഇന്നോളം കാണാത്ത മുഖപ്രസാദം…’, ‘കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും…’, ‘ജലശയ്യയില്‍ തളിരമ്ബിളി…’, ‘പെണ്ണേ പെണ്ണേ നിന്‍ കല്യാണമായ്…’, ‘കാമിനീമണീ സഖീ…’ മുതലായവയൊക്കെ കല്ല്യാണി മേനോന്‍ പാടിയ മികച്ച ഗാനങ്ങളാണ്​.
2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിെന്‍റ കലൈമാമണി പുരസ്കാരം നേടിയിട്ടുണ്ട്​ കല്യാണി മേനോന്‍.
സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍ മകനാണ്. രണ്ടാമത്തെ മകന്‍ കരുണ്‍ (റെയില്‍വേ). പരേതനായ കെ.കെ. മേനോന്‍ ആണ്​ ഭര്‍ത്താവ്​. നേവി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Related Articles

Back to top button