IndiaLatest

ബ്രിട്ടീഷ് രാജഭരണം വേണ്ട റിപ്പബ്ലിക്ക് വരണം; സര്‍വ്വേ റിപ്പോര്‍ട്ട്

“Manju”

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളില്‍ ഭൂരിഭാഗവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി മാറിയെങ്കിലും ഓസ്ട്രേലിയ, കാനഡ അടക്കമുള്ള 14 രാജ്യങ്ങള്‍ ബ്രിട്ടീഷ് രാജാവിനു കീഴില്‍ ഡൊമിനിയനുകളായാണ് തുടരുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് രാജഭരണത്തെ രാഷ്ട്രത്തലപ്പത്ത് പ്രതിഷ്ഠിക്കുകയായിരുന്നു ഈ രാജ്യങ്ങളെല്ലാം. എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനത്തില്‍ അതൃപ്തി കടുപ്പിക്കുകയാണ് അവിടങ്ങളിലെ ജനങ്ങള്‍. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മൈക്കല്‍ ആഷ്ക്രോഫ്റ്റ് സംഘടിപ്പിച്ച സര്‍വ്വേയില്‍ ആകെയുള്ള 14 രാജ്യങ്ങളിലെ ഓസ്ട്രേലിയയും കാനഡയും അടക്കം 6 രാജ്യങ്ങളിലെ ജനങ്ങള്‍ ബ്രിട്ടീഷ് രാജഭരണത്തില്‍ നിന്ന് വിടുതല്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്.

ഓസ്ട്രേലിയയില്‍ 42% ജനങ്ങളും റിപ്പബ്ലിക് ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 35 ശതമാനത്തിന് മാത്രമാണ് രാജഭരണത്തെ അംഗീകരിക്കാനുള്ള താല്പര്യം. കാനഡയിലെ ജനങ്ങള്‍ 47 ശതമാനവും ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലപ്പത്തു നിന്ന് ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. രാജഭരണം വേണമെന്നുള്ള ആവശ്യം 23 ശതമാനത്തിന് മാത്രം. ബഹാമസും സോളമന്‍ ദ്വീപസമൂഹവും ജമൈക്കയും ആന്‍്റിഗ്വ ബര്‍ബുഡയും ആവശ്യപ്പെടുന്നതും ഇതുതന്നെ. രാജഭരണം വേണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നത് ന്യൂസിലന്‍ഡും ചില ചെറിയ ദ്വീപ് രാഷ്ട്രങ്ങളും.

കോളനിവല്‍ക്കരണത്തിന്റെ ബാക്കിയും തുടരുന്ന വംശീയതയുമൊക്കെ രാജഭരണത്തെ കൈവിടാന്‍ കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് ആറിന് രാജാവ് ചാള്‍സിന്റെ കിരീടധാരണ ചടങ്ങിനിടയില്‍ റിപ്പബ്ലിക് വേണമെന്ന ആവശ്യം ഉയര്‍ത്തി വന്‍ ജനകീയ പ്രതിഷേധം ഉടലെടുക്കുമോ എന്നും ഭരണകൂടം ഭയക്കുന്നുണ്ട്. രാജഭരണം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യം ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പങ്കുവെക്കുന്ന സൂചന.

Related Articles

Back to top button