KeralaLatest

സിനിമയില്‍ അമ്പതാണ്ട്‌; മമ്മൂട്ടിയ്ക്ക് ആശംസയുമായി മോഹന്‍ലാല്‍

“Manju”

പ്രേക്ഷകര്‍ക്ക് ഇവര്‍ മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ പദവികള്‍ക്ക് അപ്പുറം അവരുടെ പ്രിയപ്പെട്ട ഇക്കയും ഏട്ടനുമാണ്. മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസയുമായി മോഹന്‍ലാല്‍ എത്തുന്നു. “ഇന്ന്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ പങ്കിട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക!” മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചുള്ള ഫ്രയിമുകള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു. പാവം പൂര്‍ണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കള്‍, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്ബര്‍ 20 മദ്രാസ് മെയില്‍, വാര്‍ത്ത, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തി. ഹരികൃഷ്ണന്‍സിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും ശേഷം സ്‌ക്രീനില്‍ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹന്‍ലാലിന്‍റെ ഒടിയനില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ 1971 ബീയോണ്ട് ബോര്‍ഡേഴ്‌സിലും മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു.

മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളിന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ആശംസാ വീഡിയോയിലെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:

“ഞങ്ങള്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട് 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. എന്റെ സഹോദരങ്ങള്‍ സംബാധന ചെയ്യുന്നതു പോലെ ‘ഇച്ചാക്കാ’ എന്നാണ് വിളിക്കുന്നത്. പലരും അങ്ങനെ വിളിക്കാറുണ്ട്. എന്നാല്‍ ലാല്‍ വിളിക്കുമ്ബോള്‍ ഒരു പ്രത്യേക സുഖം. എന്റെ സഹോദരങ്ങളില്‍ ഒരാളാണെന്ന് തോന്നും.”

“ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്ബോള്‍ ഇല്ലാതാകും. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്ബോള്‍ അനഗ്രഹം വാങ്ങാന്‍ വന്നത് മറക്കാനാകില്ല,” മമ്മൂട്ടി പറഞ്ഞു.

പത്മഭൂഷണ്‍ നേടിയ വേളയില്‍ മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി ഫേസ്ബുക്കില്‍ എത്തിയിരുന്നു. “പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍” എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

Related Articles

Back to top button