India

വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം

“Manju”

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്‌ച്ച നടത്തി സെറം ഇൻസ്റ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. വാക്‌സിൻ നിർമ്മാണത്തിന്റേയും വിതരണത്തിന്റേയും പുരോഗതികൾ വിലയിരുത്തിയതായി കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം അദാർ പൂനാവാല പ്രതികരിച്ചു. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനെ കുറിച്ചും മന്ത്രിയുമായി ചർച്ച നടത്തി. വാക്‌സിനായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

17 യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും ഇത് സന്തോഷം നൽകുന്ന വിവരമാണ്. ഈ വർഷം അവസാനത്തോടെ 136 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പൂനാവാല വ്യക്തമാക്കി.

രാജ്യത്തെ കൊറോണ വാക്‌സിനേഷൻ പദ്ധതി അടുത്ത നാല് മാസം വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ പേർക്ക് വാക്‌സിൻ നൽകും. നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്നും പൂനാവാല അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ 25.65 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡിസംബറോടെ 28.5 കോടി വാക്‌സിൻ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാരത് ബയോടെക്കിൽ നിന്നും 28.5 കോടി ഡോസ് വാക്‌സിൻ 6,433.87 കോടി രൂപയ്‌ക്ക് കേന്ദ്രസർക്കാർ വാങ്ങും. അതേസമയം കുട്ടികൾക്കായുള്ള വാക്‌സിൻ കൊവൊവാക്‌സ് 2022 ഒക്ടോബറോടെ വിതരണത്തിനെത്തുമെന്നും പൂനാവാല വ്യക്തമാക്കി.

Related Articles

Back to top button