KeralaLatestThrissur

സംരംഭക വികസനത്തിന് പദ്ധതിയുമായി ചേര്‍പ്പ് ബ്ലോക്ക്

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സംരംഭക വികസനത്തിന് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്. പ്രളയാനന്തര കേരളത്തിന്റെ പുന:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പുതിയ പദ്ധതിയാണ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (ആര്‍ കെ ഐ- ഇ ഡി പി). സംസ്ഥാനത്ത് 14 ബ്ലോക്കുകളില്‍ ആരംഭിച്ചിട്ടുള്ള ഈ പദ്ധതി തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ്, ചാലക്കുടി, മതിലകം ബ്ലോക്കുകളിലാണ് നടപ്പിലാക്കുന്നത്. ഓരോ ബ്ലോക്കിനും അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരിപൂര്‍ണ സംരംഭക വികസനം എന്നതാണ് പ്രധാന ലക്ഷ്യം. ഒരു ബ്ലോക്കില്‍ പരമാവധി വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുക. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനും വിജയകരമായി നടത്താനും ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങള്‍, ശേഷി വികസനം, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, വായ്പ, ധന സഹായങ്ങള്‍, സാങ്കേതിക പിന്തുണ ലഭ്യമാക്കുക എന്നതും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. ആര്‍ കെ ഐ ഇ ഡി പി നടപ്പിലാക്കുന്ന ബ്ലോക്കുകളില്‍ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ ബ്ലോക്കിന് കീഴിലുള്ള സി ഡി എസ്സുകള്‍ പദ്ധതി ഏറ്റെടുക്കുകയും ഉപജീവന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

ചേര്‍പ്പ് ബ്ലോക്കില്‍ പദ്ധതിയുടെ പൂര്‍ണമായ മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി കുടുംബശ്രീ തലത്തില്‍ ബ്ലോക്ക് തല കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍ എന്ന പേരിലാണ് കമ്മറ്റി. നിലവില്‍ ചേര്‍പ്പ് ബ്ലോക്കിലെ 4 സി ഡി എസ്സുകളിലെ എല്ലാ സി ഡി എസ് അംഗങ്ങളും ഈ കമ്മറ്റിയുടെ പൊതുസഭഅംഗങ്ങള്‍ ആയിരിക്കും. കൂടാതെ നാല് സി ഡി എസ്സുകളിലെയും കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരും എം ഇ (മൈക്രോ എന്റെര്‍പ്രൈസ്) കണ്‍വീനര്‍മാരും ചേരുന്നതാണ് കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് ബോഡി. ഫീല്‍ഡ് തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ‘ടുബിസ്’എന്ന എം ഇ സി (മൈക്രോ എന്റെര്‍പ്രൈസ് കണ്‍സള്‍ടന്റ്) ടീമുമുണ്ട്.

സംരംഭകരാകാന്‍ താല്പര്യമുള്ളവരെ അയല്‍ക്കൂട്ടങ്ങള്‍ വഴി കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നത് ഈ ഗ്രൂപ്പാണ്. കൂടാതെ സംരംഭം ആരംഭിക്കാനായി നാലു ശതമാനം പലിശയ്ക്ക് ഈ കമ്മിറ്റിയില്‍ നിന്നും വ്യക്തിഗത സംരംഭങ്ങള്‍ക്ക് 50,000 രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് 1ലക്ഷം രൂപ വരെയും വായ്പ നല്‍കും. ഈ കമ്മറ്റിക്ക് ഏറ്റവും കൂടുതല്‍ അനുവദിക്കാവുന്ന കാലാവധി 24 മാസമാണ്. സംരംഭം തുടങ്ങുന്നതിനായി എം ഇ സി ഗ്രൂപ്പ് വിവിധ പരിശീലനങ്ങള്‍ നല്‍കും. കൂടാതെ സംരംഭം ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ ഈ സംരംഭകരെ ഓരോ എം ഇ സിമാര്‍ നേരില്‍ കണ്ട് സേവനങ്ങള്‍ നല്‍കും. ഈ സേവനങ്ങള്‍ സൗജന്യമാണ്.

Related Articles

Back to top button