InternationalLatestSports

‘അല്‍വാരസ് ‘ യുവമാന്ത്രികന്‍

“Manju”

അര്‍ജന്റീന കളിക്കൂട്ടത്തിനൊപ്പം 22കാരനായ ജൂലിയന്‍ അല്‍വാരസ് ഖത്തര്‍ കളിമുറ്റത്തെത്തുന്നത് ലോട്ടറോ മാര്‍ടിനെസ് എന്ന പരിചയ സമ്പന്നനായ സ്ട്രൈക്കര്‍ക്ക് അവശ്യഘട്ടത്തില്‍ പകരക്കാരന്‍ മാത്രമായിട്ടായിരുന്നു. എന്നാല്‍, മെസ്സിക്കൊപ്പം ഇയാള്‍ കളി തുടങ്ങിയതില്‍ പിന്നെ കളിയാകെ മാറിയ മട്ടാണ്. ഏറ്റവുമൊടുവില്‍ ക്രൊയേഷ്യക്കെതിരെ കുറിച്ച സോളോ ഗോള്‍ ഇയാളെ ആരാധകരുടെ രാജകുമാരനാക്കി മാറ്റിയിരിക്കുന്നു.

ഖത്തറില്‍ ഏറെ വൈകി ബൂട്ടുകെട്ടിത്തുടങ്ങിയ അല്‍വാരസ് നാലു ഗോളുകള്‍ തന്റെ പേരിലേക്കു ചേര്‍ത്തുകഴിഞ്ഞു. അവയിലോരോന്നും സുവര്‍ണസ്പര്‍ശമുള്ളവ. അവസാന പോരാട്ടത്തില്‍ അര്‍ജന്‍റീന കുറിച്ച മൂന്നു ഗോളിലും ഈ യുവതാരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പെനാല്‍റ്റി ബോക്സില്‍ ഒറ്റക്കു പന്തുമായി എത്തിയ അല്‍വാരസ് സ്കോര്‍ ചെയ്തെന്നായപ്പോള്‍ മറുവഴിയില്ലാതെ ക്രൊയേഷ്യന്‍ ഗോളി കാല്‍വെച്ചതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി മനോഹര ഷോട്ടുമായി വല തുളക്കുന്നത്. ഗോളിയുടെ ഫൗള്‍ ഇല്ലായിരുന്നെങ്കില്‍ താരം അനായാസം പന്ത് വലക്കണ്ണികളിലെത്തിക്കുമെന്നുറപ്പ്.

തൊട്ടുപിറകെ മിനിറ്റുകള്‍ക്കകം നേടിയ സോളോ ഗോളാണ് അതിലേറെ മനോഹരമായത്. അര്‍ജന്റീന പെനാല്‍റ്റി ഏരിയയില്‍നിന്ന് ക്ലിയര്‍ ചെയ്തു കിട്ടിയ പന്ത് കാലിലെടുത്ത് ഒറ്റയാനായി അതിവേഗം കുതിച്ച താരത്തിന് തടയിട്ട് ക്രൊയേഷ്യന്‍ പ്രതിരോധമുണ്ടായിരുന്നു. വേഗം കൊണ്ടും പന്തടക്കം കൊണ്ടും മുന്നില്‍നിന്ന യുവതാരത്തെ പൂട്ടാന്‍ അവര്‍ക്കായില്ല. ഇടതും വലതും കൂട്ടുനല്‍കി അര്‍ജന്റീന താരങ്ങള്‍ ഓടിയെത്തിയെങ്കിലും ഓഫ്സൈഡ് കെണിയുള്ളതിനാല്‍ പന്ത് കൈമാറുന്നതിന് പകരം മുന്നിലെ തടസ്സങ്ങളെ മായികസ്പര്‍ശങ്ങളില്‍ കടന്ന് അല്‍വാരസ് ഒറ്റക്ക് വല ചലിപ്പിച്ചു. ക്രൊയേഷ്യന്‍ പ്രതിരോധവും പ്രത്യാക്രമണവും തച്ചുടക്കാന്‍ പോന്നതായിരുന്നു ഈ ഒറ്റയാന്‍ ഗോള്‍. പിന്നീടെല്ലാം വഴിപാടു പോലെയായി മെസ്സിക്കൂട്ടത്തിന്. ദിവസങ്ങള്‍ക്ക് മുമ്പ് അവസാന മിനിറ്റുകളില്‍ ബ്രസീലിനെതിരെ പുറത്തെടുത്ത കളിമികവിലേക്കു തിരികെയെത്താനുള്ള മുനയൊടിഞ്ഞ മോഹങ്ങള്‍ എവിടെയുമെത്താതെ ഒടുങ്ങി.

അതിനിടെയായിരുന്നു, മെസ്സിക്ക് കാല്‍പന്തിലെ രാജപദവി ഒരിക്കലൂടെ ഉറപ്പിച്ച മൂന്നാം ഗോള്‍ എത്തുന്നത്. താരത്തെ വളഞ്ഞുനിന്ന ക്രൊയേഷ്യ പ്രതിരോധത്തിനു നടുവില്‍നിന്ന് പന്ത് കാലിലെടുത്ത താരം വലതുവിങ്ങിലൂടെ അതിവേഗം കുതിക്കുമ്ബോള്‍ കൂടെയോടി ജോസ്കോ ഗ്വാര്‍ഡിയോളുമുണ്ടായിരുന്നു. എന്നാല്‍, തനിക്കു മാത്രം സാധ്യമായ ടച്ചുകളിലും ശാരീരിക ചലനങ്ങളിലും പലവട്ടം ഗ്വാര്‍ഡിയോളിനെ കീഴ്പെടുത്തി ചടുലത വിടാതെ ക്രൊയേഷ്യന്‍ ബോക്സില്‍നിന്ന് പതിയെ തള്ളിനല്‍കിയത് അല്‍വാരസിന്റെ കാലുകളിലേക്ക്. മറ്റൊന്നും ചെയ്യാനില്ലാതെ അല്‍വാരസ് പന്ത് ഗോളിക്കപ്പുറത്തൂടെ വലയിലെത്തിച്ചു.

അതോടെ, അസിസ്റ്റില്‍ മെസ്സി സാക്ഷാല്‍ ഡീഗോ മറഡോണക്കൊപ്പമെത്തിയപ്പോള്‍ അല്‍വാരസ് ഗോള്‍വേട്ടയില്‍ മൂന്നാമതുമെത്തി. കളി കഴിഞ്ഞതോടെ അര്‍ജന്റീനക്ക് ഖത്തറില്‍ കനകകിരീടം നല്‍കാന്‍ ഇനി ഒരാളല്ല, രണ്ടാളുണ്ടെന്നായിരിക്കുന്നു വിശേഷങ്ങള്‍. മെസ്സിയുടെ തലയിലെ ഭാരം ഇനി താന്‍കൂടി ചുമലിലേറ്റാനുണ്ടെന്ന് അല്‍വാരസ് വിളംബരം നടത്തിയപോലെ. സമൂഹ മാധ്യമങ്ങളില്‍ 22കാരനെ ആഘോഷിച്ചുതീര്‍ന്നിട്ടില്ല.

Related Articles

Back to top button