IndiaLatest

യാന്ത്രിക ഘടികാരത്തിന് പകരം ജി.പി.എസുമായി റെയില്‍വേ

“Manju”

പാലക്കാട്: അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സമയത്തിന്റെ കൃത്യതയ്ക്കുമായി റെയില്‍വേ യാന്ത്രിക ഘടികാരത്തിന് പകരം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സംവിധാനത്തിലേക്ക് മാറുന്നു. സമയത്തിന് ഏകീകൃതവും ട്രെയിനിന്റെ ദിശയും അറിയാത്തതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതെന്നാണ് റെയില്‍വേയുടെ നിഗമനം.
2019 ജൂണ്‍ 25ന് ഹൗറ, ജംഗല്‍പൂര്‍ സല്‍മേശ്വരി എക്‌സ്‌പ്രസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം റെയില്‍വേ സേഫ്ടി കമ്മിഷണര്‍, റെയില്‍വേ സ്റ്റേഷനുകള്‍, ലോക്കല്‍ പൈലറ്റ്, സിഗ്‌നല്‍ പവര്‍ മോണിറ്റിംഗ് ഓഫീസുകളിലെ സമയവ്യത്യാസം എന്നിവ മൂലമുണ്ടായ ട്രെയിനിന്റെ സഞ്ചാരക്രമത്തിലെ പൊരുത്തക്കേടാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇനി ഇത്തരമൊരു അപകടമുണ്ടാകാതിരിക്കാനും റെയില്‍വേ സമയത്തിന് കൃത്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജി.പി.എസ് സംവിധാനത്തിലേക്ക് മാറുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാം റെയില്‍വേ സേവനങ്ങള്‍ക്കും ഇത്തരം സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് എല്ലാ സോണ്‍, ഡിവിഷന്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ പാലക്കാട് ഡിവിഷനില്‍ ഇത്തരത്തിലുള്ള സമയ സംവിധാനം കോഴിക്കോട് സ്റ്റേഷന്‍, പാലക്കാട് ജംഗ്ഷന്‍, മംഗളൂരു സെന്റര്‍, മംഗളൂരു ജംഗ്ഷന്‍, കൊയിലാണ്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
മറ്റു റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. റെയില്‍വേ സേവനത്തിനുള്ള സമയക്രമീകരണം ജി.പി.എസ് സംവിധാനത്തിലേക്ക് മാറുമെങ്കിലും ക്ലോക്കുകളുടെ പൈതൃക രൂപത്തിന് മാറ്റമുണ്ടാകില്ല.
കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജി.പി.എസ് ഉപകരണം മൊബൈല്‍, കാര്‍, ബസ് തുടങ്ങിയയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
ട്രൈയിനില്‍ ആദ്യമായാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് ഘടിപ്പിക്കുന്നതോടെ സമയ കൃത്യതയ്ക്ക് പുറമെ യാത്രകളുടെ വിവരം, രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഏളുപ്പത്തില്‍ സഞ്ചാരയോഗ്യമായ പാത, രണ്ട് സ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രയ്ക്ക് എടുക്കുന്ന സമയം, ട്രെയിനിന്റെ സഞ്ചാരക്രമം എന്നിവ റെയില്‍വേ അധികൃതര്‍ക്ക് ഏളുപ്പത്തില്‍ അറിയാന്‍ സാധിക്കും.

Related Articles

Back to top button