KeralaLatestThiruvananthapuram

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെ എസ് ആര്‍ ടി സി

“Manju”

തിരുവനന്തപുരം: ഒളിമ്പിക്സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്‌ആര്‍ടിസി. ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി ആര്‍‌ ശ്രീജേഷിന്റെ നേട്ടങ്ങള്‍ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിന്റെ നേട്ടങ്ങളും ആക്ഷന്‍ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് നഗരത്തില്‍ സര്‍വ്വീസ് നടത്തും. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ “ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം ” എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

മാനുവല്‍ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡല്‍ നേടുന്ന മലയാളിയായി പി ആര്‍ ശ്രീജേഷ് മാറുമ്പോള്‍ നിറവേറുന്നത് മലയാളിയുടെ 48 വര്‍ഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആര്‍ ശ്രീജേഷ് എന്ന മലയാളി ഗോള്‍കീപ്പര്‍ക്ക് ഭാരതത്തിന്റെ ഈ അനിര്‍വചനീയമായ നേട്ടത്തില്‍ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവന്‍ അറിയിക്കുന്നതിന് വേണ്ടിയാണ് കെഎസ്‌ആര്‍ടിസി ഈ ഉദ്യമം ഏറ്റെടുത്തത്.

കെ എസ് ആര്‍ ടി സി സിഎംഡി ബിജു പ്രഭാകര്‍ മുന്നോട്ട് വെച്ച ആശയം കെ എസ് ആര്‍ ടി സി യില്‍ പുതുതായി രൂപവല്‍ക്കരിച്ച കമേഴ്സ്യല്‍ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈന്‍ പൂര്‍ണമായും നിര്‍വഹിച്ചത് കെ എസ് ആര്‍ ടി സി ജീവനക്കാരനായ എ കെ ഷിനുവാണ്. മികച്ച രീതിയില്‍ ബസില്‍ ചിത്രങ്ങള്‍ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാര്‍, നവാസ്, അമീര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താര്‍ എന്നിവരും പിന്തുണ നല്‍കി. കേരളത്തില്‍ നിന്നും ഇനിയും അനേകം ശ്രീജേഷുമാര്‍ ഉയര്‍ന്നു വരാന്‍ കെ എസ് ആര്‍ ടി സിയുടെ ഈ പ്രോത്സാഹനം സഹായകകരമാകുമെന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതീക്ഷ.

Related Articles

Back to top button