India

പോലീസ് സ്‌റ്റേഷനിൽ പോകാൻപോലും ഭയക്കുന്ന സ്ഥിതി : ഗവർണർ

“Manju”

സിലിഗുരി(അസം): തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ വ്യാപകമായി അക്രമം അഴിച്ചുവിട്ട ബംഗാളിൽ ജനങ്ങൾ പോലീസ് സ്‌റ്റേഷനിൽ പോലും പോകാൻ ഭയക്കുന്ന സ്ഥിതിയെന്ന് ഗവർണർ ജഗ്ദീപ് ധൻകർ. പോലീസുകാർ ഭരണകക്ഷി നേതാക്കളെ ഭയന്നാണ് പ്രവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു. അക്രമത്തെ തുടർന്ന് അസമിലേക്ക് പലായനം ചെയ്ത ബംഗാളിലെ ജനങ്ങളെ അഭയാർത്ഥി ക്യാമ്പുകളിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.

തിരികെ ബംഗാളിലേക്ക് വരാൻ ജനങ്ങളോട് നിർബന്ധിച്ചതായി ഗവർണർ പറഞ്ഞു. പലരും ഭയന്ന് പിൻമാറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി മമത ബാനർജിയുമായി സംസാരിക്കുമെന്നും ഗവർണർ പറഞ്ഞു. ബംഗാളിൽ നിന്ന് അതിർത്തി കടന്ന് എത്തിയവർക്കായി അസം സർക്കാർ ഒരുക്കിയ അഗോമാനിയിലെ റാൺപാഗ്ലിയിലെ ക്യാമ്പുകളിലാണ് ഗവർണർ സന്ദർശനം നടത്തിയത്.

ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾ ഉൾപ്പെടെയുളളവർ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗവർണറോട് സങ്കടം പങ്കുവെച്ചത്. പലരും തൃണമൂൽ അക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കൈകൾ കൂപ്പി നിലവിളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി പ്രവർത്തിച്ചവർക്കും അവരുടെ വീടുകൾക്കും കുടുംബാംഗങ്ങൾക്കും നേരെയാണ് തൃണമൂൽ ഗുണ്ടകൾ ദിവസങ്ങളോളം അക്രമം നടത്തിയത്.

ബംഗാളിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും നടന്ന അക്രമത്തിന് ഇരയായവരിൽ അധികവും പട്ടികജാതി വിഭാഗങ്ങളിൽ പെടുന്നവരാണ്. വീടുകൾ നഷ്ടപ്പെടുകയും സ്ത്രീകളെ ഉൾപ്പെടെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇവർ ബംഗാൾ വിട്ട് അസമിലേക്ക് പലായനം ചെയ്തത്. കൂട്ടപ്പലായനം ശ്രദ്ധയിൽപെട്ടതോടെ അസം സർക്കാർ ഇവർക്ക് ക്യാമ്പുകൾ സജ്ജമാക്കി നൽകുകയായിരുന്നു. കൊറോണ പിടിപെട്ടവർ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

വിഷയത്തിൽ മമത ബാനർജി ഭരണഘടനാ പരമായ നിലപാട് സ്വീകരിക്കണമെന്നും സംഘട്ടനവാദിയുടെ സമീപനം ഒഴിവാക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. അങ്ങനെയുണ്ടെങ്കിൽ മാത്രമേ ബംഗാളിൽ ജനാധിപത്യം പുലരുകയുളളൂവെന്നും നിയമസംവിധാനങ്ങളെ ശക്തമാക്കി ജനങ്ങളെ സേവിക്കാനാകൂവെന്നും ഗവർണർ പറഞ്ഞു.

സീതാൾകുച്ചിയിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണ്. മമത അധികാരമേറ്റ ഉടനെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എസ്പിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ സംസ്ഥാനം മുഴുവൻ കത്തിയെരിയുമ്പോൾ അതിൽപരം എന്താണ് മമതയ്ക്ക് കാണാൻ കഴിയുകയെന്ന് ഗവർണർ ചോദിച്ചു. സംഘർഷമുണ്ടായ കൂച്ച് ബിഹാറിലും ഗവർണർ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും ഇത് വകവെയ്ക്കാതെയായിരുന്നു ഗവർണറുടെ സന്ദർശനം.

Related Articles

Back to top button