KeralaLatestThiruvananthapuram

മുതിർന്ന ഫോട്ടോഗ്രാഫർ കൺമണി ബി.കെ. നായർക്ക് ആദരവ്

“Manju”

 

മഹേഷ് കൊല്ലം

പോത്തൻകോട് : ഫോട്ടോഗ്രാഫി രംഗത്ത് അറുപതു വർഷത്തിലധികം സേവനപാരമ്പര്യമുള്ള മുതിർന്ന ഫോട്ടോഗ്രാഫർ ബി.കെ. നായർക്ക് മന്ത്രിയുടെ ആദരവ്. അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അസോസിയേഷൻ സ്ഥാപക നേതാവും പോത്തൻകോട് കൺമണി സ്റ്റുഡിയോ ഉടമയുമായ ബി.കെ. നായരെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ വിട്ടിലെത്തി അനുമോദിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ പോത്തൻകോട് പ്രസ് ക്ലബിന്റെ പുരസ്കാരവും മന്ത്രി അദ്ദേഹത്തിന് സമ്മാനിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. അനിൽകുമാർ , പ്രസ് ക്ലബ്ബ് രക്ഷാധികാരി ബി.എസ്. ഇന്ദ്രൻ, മാധ്യമപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എൺപത്തി രണ്ടാമത്തെ വയസിലും ഇരുപതാം വയസിൽ ഫോട്ടോഗ്രാഫിയോട് തോന്നിയ അതേ ആവേശമാണ് ബി. കേശവൻനായർ എന്ന ബി.കെ. നായർക്കിപ്പോഴും. പണ്ട് സമൂഹത്തിൽ എല്ലാ നിലകളിലുള്ളവരും ഫോട്ടോഗ്രാഫർക്ക് നൽകിയിരുന്ന ആദരവും ബഹുമാനവുമാണ് ഈ കലയോട് അടുപ്പിക്കാൻ ആദ്യം കാരണമായത്. പിന്നീട് ഫോട്ടോഗ്രാഫിയോട് അടുത്തപ്പോഴാണ് ഈ കലയുടെ വിസ്മയം തനിക്ക് ബോധ്യമായതെന്ന് ബി.കെ. നായർ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു. വീനസ് സ്റ്റുഡിയോ ഗോപിനാഥൻ നായരാണ് ഫോട്ടോഗ്രാഫിയിലെ ഗുരു. തമ്പാനൂരിലെ കൃഷ്ണൻനായർ ബ്രദേഴ്സ് എന്ന സ്റ്റുഡിയോയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പേരുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫി അസോസിയേഷനിലും ഇതര സാംസ്കാരിക സംഘടനകളുടേയും തലപ്പത്ത് ബി.കെ. നായർ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ 56 വർഷമായി പോത്തൻകോട് കൺമണി സ്റ്റൂഡിയോ നടത്തുന്നു. ശാന്തിഗിരി ആശ്രമവുമായും നവജ്യോതി ശ്രീകരുണാകരഗുരുവുമായും ഏറെ ആത്മബന്ധം ഉണ്ടായിരുന്നു. ആദ്യകാലത്ത് ആശ്രമത്തിലെ കുംഭമേള ഉൾപ്പടെയുള്ള ചടങ്ങുകൾ പകർത്താൻ ആശ്രമത്തിലെത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫർ എന്നതിലുപരി നാടക നടനും ചെറുകഥാകൃത്തുമാണ്. പെരുമ്പടവം ശ്രീധരന്റെ ബോധിവൃക്ഷം എന്ന നാടകത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഒരു സങ്കീർത്തനം പോലെ, അഷ്ടപദി എന്നീ കൃതികൾക്ക് നിരൂപണം എഴുതിയിട്ടുണ്ട്. എ.ബി.സി. മാസികയുടെ ചീഫ എഡിറ്റർ കൂടിയായിരുന്നു. ഒരു ഗോപുരം തകരുന്നു, കറുത്തവാവ് എന്നീ നാടകങ്ങളുടെ രചനയും നിർവഹിച്ചു. ഇന്ദ്രൻസ്, വേട്ടക്കുളം ശിവാനന്ദൻ, പട്ടം ബേബി, ആർട്ടിസ്റ്റ് സത്യൻ, ശ്രീകാര്യം അർജ്ജുൻ, ജഗന്നാഥൻ തുടങ്ങി നിരവധി കലാകാരൻമാർക്കൊപ്പം അഭിനയമുഹൂർത്തങ്ങൾ പങ്കിട്ടിട്ടുണ്ട്. ദേവമ്മയാണ് ഭാര്യ. സുചിത്ര, റാണി, കവിത എന്നിവർ മക്കളാണ്. വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ അംഗവും തേക്കട മണ്ഡലം പ്രസിഡന്റുമായ മോഹനൻ നായർ, സാമൂഹ്യപ്രവർത്തകനും എഴുത്തുകരനുമായ ജയൻ പോത്തൻകോട്, സി.പി.എം ചെമ്പൂർ ബ്രാഞ്ച് സെക്രട്ടറി ജി. രാജീവ് എന്നിവർ മരുമക്കളാണ് . തിരുവനന്തപുരം കോർപ്പറേഷൻ കുര്യാത്തി വാർഡ് മുൻ കൗൺസിലറും ആനന്ദനിലയം അനാഥമന്ദിരത്തിന്റെ സെക്രട്ടറിയുമായ കുര്യാത്തി ശശി, നടനും നാടകകൃത്തും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തി, ഫോട്ടോഗ്രാഫർമാരായ വിക്രമൻ, ശ്രീകുമാർ എന്നിവർ സഹോദരങ്ങളും തങ്കമണി സഹോദരിയുമാണ്.

 

Related Articles

Back to top button