IndiaLatest

പാകിസ്ഥാനില്‍ ചൈനക്കാര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം

“Manju”

ഇസ്‍ലാമാബാദ്: പാകിസ്ഥാനില്‍ ചൈനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ അസ്വസ്ഥബാധിത പ്രദേശമായ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദറില്‍ ആയിരുന്നു സംഭവം. ഇവിടെ ചൈനക്കാരായ എന്‍ജിനീയര്‍മാരെയും മറ്റും കൊണ്ടു പോയിരുന്നു വാഹനത്തിനു സമീപമെത്തി ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ സമീപത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഒരു ചൈനക്കാരനുള്‍പ്പെടെ 3 പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആറായിരം കോടി ഡോളറിന്റെ ചൈന-പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ (സിപിഇസി) സുപ്രധാന കേന്ദ്രമാണ് ഗ്വാദര്‍. ഒട്ടേറെ ചൈനീസ് വിദഗ്ധരും ജോലിക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഗ്വാദര്‍ ഈസ്റ്റ് ബേ എക്സ്പ്രസ് വേ പദ്ധതി പ്രദേശത്താണ് ആക്രമണം നടന്നത്. ആക്രമണത്തെ ചൈനീസ് എംബസി അപലപിച്ചു. പാക്കിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. ഒരു മാസത്തിനിടെ ചൈനക്കാര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം ഖൈബര്‍ പഖ്തൂണ്‍ഖ്വവയില്‍ നടന്ന ഭീകരാക്രമണത്തില്‍ 9 ചൈനക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. പാകിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന ദാസു അണക്കെട്ടിന്റെ ചുമതലയുള്ള ചൈനീസ് എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ച ബസ് ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ചൈന – പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായി ഖൈബര്‍ പക്തൂണ്‍ ഖ്വ പ്രവിശ്യയില്‍ നിര്‍മ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് ദാസു അണക്കെട്ട്. തെക്കന്‍ പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ പടിഞ്ഞാറന്‍ ചൈനയുമായി ബന്ധിപ്പിക്കാന്‍ ചൈന നടപ്പാക്കുന്ന 6500 കോടി ഡോളറിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാണിത്.

Related Articles

Back to top button