IndiaLatest

മോദിയുടെ റാലിക്ക് മുൻപ്പ് സ്ഫോടനം: നാലുപേർക്ക് വധശിക്ഷ

“Manju”

പട്ന: ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കുമുമ്പെനടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ. രണ്ടുപേരെ ജീവപര്യന്തം തടവിനും രണ്ടുപേരെ പത്തുവർഷം കഠിനതടവിനും ഒരാളെ ഏഴുവർഷത്തെ തടവിനും ശിക്ഷിച്ചു. പട്ന എൻ.ഐ.എ. പ്രത്യേക കോടതിയുടേതാണ് വിധി.

ഒക്ടോബർ 27-ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും എൻ.ഡി.എ.യുടെ പ്രധാനമന്ത്രിസ്ഥാനാർഥിയുമായ നരേന്ദ്രമോദി പങ്കെടുത്ത ‘ഹുങ്കാർ’ റാലി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് സ്ഫോടനപരമ്പര നടന്നത്. ആറുപേർ മരിച്ചു, ഒട്ടേറെപ്പേർക്ക്‌ പരിക്കേറ്റു. ഈ കേസിലെ പത്തു പ്രതികളിൽ ഒമ്പതുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം 27-ന് കോടതി കണ്ടെത്തിയിരുന്നു.

ഹൈദർ അലി, നൊമാൻ അൻസാരി, മുഹമ്മദ് മുജീബുള്ള അൻസാരി, ഇംതിയാസ് ആലം എന്നിവർക്കാണ് വധശിക്ഷ. വിചാരണവേളയിലെ കുറ്റസമ്മതം പരിഗണിച്ച് ഉമർ സിദ്ദിഖി, അസ്ഹറുദ്ദീൻ ഖുറേഷി എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. അഹമ്മദ് ഹുസൈൻ, മൊഹമ്മദ് ഫിറോസ് അസ്‌ലം എന്നിവർ 10 വർഷവും ഇഫ്തിഖർ ആലം ഏഴുവർഷവും ശിക്ഷ അനുഭവിക്കണം. 11 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ കേസിന്റെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നടക്കുകയാണ്.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴു സ്ഫോടനങ്ങളാണ് അന്നു നടന്നത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനാണ് നരേന്ദ്രമോദി പട്നയിലെത്തിയത്.

Related Articles

Back to top button