അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രിയെ താജിക്കിസ്ഥാനില്‍ എത്തിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളില്‍ നിന്ന് താജിക്കിസ്ഥാനില്‍ എത്തിച്ചത്.
രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയന്‍ സ്കൂളിലെ അധ്യാപിക ആയിരുന്നു കാസര്‍ഗോഡ് സ്വദേശിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റ. അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കൂടുതല്‍ വിമാനങ്ങള്‍ ചൊവ്വാഴ്ച എത്തുമെന്നാണ് വിവരം. താജിക്കിസ്ഥാനിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ മാസം 15ന് താലിബാന് കാബൂള്‍ കീഴടക്കിയത് മുതല്‍ ആരംഭിച്ച രക്ഷാ ദൗത്യമാണ് അന്തിമഘട്ടത്തിലേക്ക് അടുക്കുന്നത്.