InternationalLatest

ഒറ്റ ചാർജിൽ 482 കിലോമീറ്റർ ഓടാൻ ഫോഡിന്റെ മാക് ഇ

“Manju”

അമേരിക്ക : യു എസ് നിർമാതാക്കളായ ഫോഡിന്റെ വൈദ്യുത മോഡലായ മാക് ഇ എത്തുക ഒറ്റ ചാർജിൽ 300 മൈൽ(ഏകദേശം 483 കിലോമീറ്റർ) പിന്നിടാനുള്ള ശേഷിയോടെ. യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ) നടത്തിയ പരിശോധനയിലാണ് മാക് ഇ ആർ ഡബ്ല്യു ഡിയുടെ എക്സ്റ്റൻഡഡ് റേഞ്ച് പതിപ്പ് ഈ മികവു തെളിയിച്ചത്. മാക് ഇയുടെ ഒന്നൊഴികെയുള്ള പതിപ്പുകളെല്ലാം ഇ പി എ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കിയിരുന്നു.

അടിസ്ഥാന മോഡലായ സ്റ്റാൻഡേഡ് റേഞ്ച് ആർ ഡബ്ല്യു ഡിക്ക് ഒറ്റ ചാർജിൽ 230 മൈൽ(അഥവാ 370 കിലോമീറ്ററോളം) ഓടാനായി. ദീർഘദൂര പരിധി വാഗ്ദാനം ചെയ്യുന്ന എക്സ്റ്റൻഡഡ് റേഞ്ച് ആർ ഡബ്ല്യു ഡിയാവട്ടെ ഒറ്റ ചാർജിൽ 300 മൈൽ തികച്ചു.ഫോഡിന്റെ ആദ്യ പൂർണ വൈദ്യുത വാഹനമാണ് മാക് ഇ. സാധാരണ നിർമാതാക്കൾ നിലവിലുള്ള മോഡലുകളുടെ വൈദ്യുത പതിപ്പുകൾ അവതരിപ്പിക്കുമ്പോൾ പൂർണമായും പുതിയ വൈദ്യുത വാഹനം നിർമിക്കാനായിരുന്നു ഫോഡിന്റെ തീരുമാനം.

വ്യത്യസ്ത പവർട്രെയ്ൻ, ലേ ഔട്ട് സാധ്യതകളോടെ ഫോഡ് മാക് ഇ ലഭ്യമാക്കുന്നുണ്ട്. സ്റ്റാൻഡേഡ് റേഞ്ചിൽ 68 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും എക്സ്റ്റൻഡഡ് റേഞ്ചിൽ 88 കിലോവാട്ട് അവർ പായ്ക്കുമാണ് ഇടംപിടിക്കുന്നത്. കൂടാതെ റിയൽ വീൽ ഡ്രൈവ് (ആർഡബ്ല്യുഡി) ലേ ഔട്ടിനു പുറമെ ഓൾ വീൽ ഡ്രൈവ്(എ ഡബ്ല്യു ഡി) ലേ ഔട്ടുള്ള മാക് ഇയും അവതരിപ്പിക്കാൻ ഫോഡിനു പദ്ധതിയുണ്ട്.

യു എസിൽ മാക് ഇ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു വരുംആഴ്ചകളിൽ കാർ ലഭിക്കുമെന്നാണു സൂചന. മാക് ഇ ശ്രേണിയിലെ കലിഫോണിയ റൂട്ട് വൺ പതിപ്പു മാത്രമാണ് ഇനി ഇ പി എ പരിശോധിക്കാനുള്ളത്. സാങ്കേതിക മികവ് പരിഗണിക്കുമ്പോൾ ഈ മോഡലും 300 മൈൽ റേഞ്ച് പൂർത്ിയാക്കുമെന്നാണു പ്രതീക്ഷ.

Related Articles

Back to top button