IndiaLatest

റീഗന്‍ വധശ്രമ കേസിലെ പ്രതി ജയില്‍ മോചിതനാകുന്നു

“Manju”

വാഷിംഗ്‌ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വെടിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍ ഹിന്‍ക്‌ലി (66) ജയില്‍മുക്തനാകുന്നു. 40 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2022 ജൂണോടെയാകും ജോണ്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക. സംഭവം നടക്കുന്ന സമയത്ത് മാനസിക രോഗിയായിരുന്നു ജോണ്‍ ഹിന്‍ക്‌ലി. റീഗനെയും അംഗരക്ഷകരെയും ഉള്‍പ്പടെ മൂന്നുപേരെയാണ് ജോണ്‍ ഹിന്‍ക്‌ലി വെടിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
നടി ജോഡി ഫോസ്‌റ്ററുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താന്‍ പ്രസിഡന്റിനെയും മറ്റുള‌ളവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജോണ്‍ പറഞ്ഞു. വധശ്രമത്തിന് ശേഷം 2016വരെ വാഷിംഗ്‌ടണിലെ ഒരു മനോരോഗ ആശുപത്രിയിലായിരുന്നു ജോണ്‍ ഹിന്‍ക്‌ലി. ഇവിടെ നിന്നും ചില നിബന്ധനകളോടെ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ അമ്മയുടെ വീടായ വിര്‍ജീനിയയിലെ വില്യംസ്‌ബര്‍ഗിന്റെ 80 കിലോമീറ്റര്‍ പരിധിയില്‍ തുടരണം. മുന്‍ പ്രസിഡന്റുമാരോ വൈസ് പ്രസിഡന്റുമാരോ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളോ ഉള‌ളയിടത്ത് പോകരുതെന്നും വിലക്കിയിരുന്നു. തുടര്‍ന്നാണ് 2022 ജൂണോടെ ഉപാധികളില്ലാതെ ഇയാളെ വിട്ടയക്കാന്‍ കോടതി തീരുമാനിച്ചത്.
കോടതിവിധിയില്‍ ദു:ഖമുണ്ടെന്ന് റോണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. ജോണ്‍ ഹിന്‍ക്‌ലി ഇപ്പോഴും ഒരു ഭീഷണിയാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. റീഗന്‍, അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജേംസ് ബ്രാഡി, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു രഹസ്യ ഏജന്റ് എന്നിവര്‍ക്കാണ് വധശ്രമത്തില്‍ പരിക്കേറ്റത്.

Related Articles

Back to top button