IndiaLatest

പശ്ചിമ ബംഗാളില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ്

“Manju”

West Bengal by-elections on September 30
ന്യൂഡല്‍ഹി : മമത ബാനര്‍ജിക്ക് ആശ്വാസമായി പശ്ചിമ ബംഗാളില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ്. ഭവാനിപൂര്‍, സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.
നന്ദിഗ്രാം മണ്ഡലത്തില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആശ്വാസകരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചിരുന്നു. മമതയ്ക്ക് മല്‍സരിക്കാനായി ഭവാനിപൂരില്‍ നിന്നും വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന്‍ദേബ് ചതോപാധ്യായ രാജിവെച്ചിരുന്നു.
സംസ്ഥാന കൃഷിമന്ത്രിയായിരുന്നു ശോഭന്‍ദേബ്. തനിക്കു വേണ്ടി രാജിവെച്ച സോഭന്‍ദേബിനെയും നിയമസഭയിലെത്തിക്കാന്‍ മമത ആഗ്രഹിക്കുന്നുണ്ട്. ഒഴിവുള്ള ഒരു മണ്ഡലത്തില്‍ ശോഭന്‍ദേബ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഭവാനിപൂരില്‍ നിന്നും നേരത്തെ വിജയിച്ചിരുന്ന മമത കഴിഞ്ഞതവണ സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമില്‍ മല്‍സരിക്കുകയായിരുന്നു.
നവംബറിനകം നിയമസഭയിലേക്ക് വിജയിച്ചില്ലെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് എത്രയും വേഗം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് നിവേദനം നല്‍കിയിരുന്നു.
ബംഗാളിന് പുറമെ, ഒഡീഷയിലെ പിപ്ലി മണ്ഡലത്തിലും സെപ്റ്റംബര്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ 31 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയാണ്.

Related Articles

Back to top button