KeralaLatestThiruvananthapuram

സംഗീതയ്ക്ക് തുണയായി ഗ്രെയ്‌സണ്‍

“Manju”

തിരുവനന്തപുരം:സംഗീതയുടെ പുതുജീവിതത്തിന്റെ ഹൃദയരാഗമായി ഗ്രെയ്‌സണ്‍ ആന്റണി. മേയര്‍ ആര്യ രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ഗ്രെയ്‌സണ്‍ സംഗീതയ്ക്ക്‌ വരണമാല്യം ചാര്‍ത്തിയതോടെ ‘മഹാരാഷ്ട്രയുടെ മകള്‍’ ‘വെട്ടുകാടിന്റെ മരുമകളായി’. നവവധൂവരന്മാര്‍ക്ക്‌ ആശംസയുമായി മന്ത്രി വീണാ ജോര്‍ജുള്‍പ്പെടെ എത്തി.
2019ല്‍ പൂജപ്പുര ഗവ. മഹിളാമന്ദിരത്തിലെത്തിയതാണ് മഹാരാഷ്ട്ര സ്വദേശിനി സംഗീത. ആദ്യ വിവാഹത്തില്‍ ജനിച്ച കുട്ടിക്ക്‌ കാഴ്‌ചയില്ലാതിരുന്നതിനാല്‍ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു. കുഞ്ഞി​ന്റെ ചികിത്സയ്ക്കായി വീടുവിട്ടതാണ്. തുടര്‍ന്ന്‌ മഹിളാ മന്ദിരമായി വീട്‌. കുട്ടിയെ ഒപ്പം താമസിപ്പിക്കാന്‍ പറ്റാത്തതിനാല്‍ ശിശുക്ഷേമ സമിതിയിലേക്ക്‌ മാറ്റി.
അടുത്തിടെയാണ്‌ ഗ്രെയ്‌സന്റെ വിവാഹാലോചന എത്തിയത്‌. ഇരുവരും കണ്ടു, സംസാരിച്ചു. പങ്കാളിയായി സംഗീത മതിയെന്ന്‌ ഗ്രെയ്‌സണ്‍ ഉറപ്പിച്ചു. കുട്ടിയെയും ഒപ്പം കൂട്ടാന്‍ തയ്യാറായി. കുട്ടിയുടെ ശസ്‌ത്രക്രിയക്ക്‌ ശേഷം മതിയെന്ന്‌ അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്‌ച മഹിളാ മന്ദിരത്തിലായിരുന്നു കല്യാണം. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇരുവരുടെയും കൈചേര്‍ത്തു. തുടര്‍ന്ന്‌ വരന്റെ വീട്ടിലേക്ക്‌. അവിടെ ​ഗ്രെയ്സന്റെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.
വനിതാ ശിശുവികസന വകുപ്പ്‌ ഒരുലക്ഷം രൂപ സംഗീതയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. സുമനസ്സുകള്‍ വിവാഹ സമ്മാനമായി വസ്‌ത്രങ്ങളും ആഭരണങ്ങളും നല്‍കി.
വനിതാ ശിശുവികസന ഡയറക്ടര്‍ അനുപമ, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ സമിതി ചെയര്‍പേഴ്‌സണ്‍ സലിം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സബീന ബീഗം, മഹിളാ മന്ദിരം സൂപ്രണ്ട്‌ കെ റംലാബി എന്നിവരും ആ ശംസ നേര്‍ന്നു.

Related Articles

Back to top button