AlappuzhaKeralaLatest

കവർന്നത് 4.862 കിലോ സ്വർണം, 4.43 ലക്ഷം രൂപ: രണ്ട് പ്രതികൾ പിടിയിലെന്നു സൂചന

“Manju”

ആലപ്പുഴ • കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിൽ രണ്ടു പ്രതികൾ പൊലീസിന്റെ പിടിയിലായെന്നു സൂചന. ഹരിപ്പാട്, അടൂർ സ്വദേശികളാണ് പിടിയിലായത്. കവർച്ചയുടെ പ്രധാന സൂത്രധാരനും മുൻപ് ഒട്ടേറെ കവർച്ച കേസുകളിലും ബാങ്ക് കവർച്ച ശ്രമത്തിലും പ്രതിയുമായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഒളിവിലാണ്. കാട്ടാക്കട സ്വദേശിയും ഇപ്പോൾ പിടിയിലായ രണ്ടു പേരും ചേർന്ന് ഓഗസ്റ്റ് 24 മുതലാണ് കവർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. മോഷണത്തിന് ഉപയോഗിച്ച വാഹനം കൊല്ലം കടയ്ക്കലിൽ നിന്നു മോഷ്ടിച്ച്, കവർച്ചയ്ക്കു ശേഷം അവിടെത്തന്നെ ഉപേക്ഷിച്ചു. ഹരിപ്പാട് സ്വദേശിയാണ് കവർച്ചയ്ക്കായി കരുവാറ്റ സഹകരണ ബാങ്ക് കണ്ടെത്തിയത്.

കവർച്ച നടത്തിയ ശേഷം ഒന്നേകാൽ കിലോയോളം സ്വർണം ഇപ്പോൾ പിടിയിലായ രണ്ടു പേർ ചേർന്നു വിറ്റ് പണം വീതിച്ചെടുത്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 2019ൽ കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലും തിരുവനന്തപുരം പെരുങ്കടവിളയിൽ സഹകരണ ബാങ്കിൽ കവർച്ചയ്ക്കു ശ്രമിച്ച കേസിലും പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് ഒളിവിലുള്ളതെന്നാണ് വിവരം. ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയെന്നും ഉടൻ പിടിയിലാകുമെന്നുമാണു പൊലീസ് നൽകുന്ന സൂചന.കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയിൽ നിന്നാണ് പ്രതികളെക്കുറിച്ചു സൂചനകൾ ലഭിച്ചത്. ഇയാളെ പ്രതിയാക്കിയിട്ടില്ല.

ഓണം അവധി ദിവസങ്ങളിലായി പ്രതികൾ നടത്തിയ കവർച്ചയിൽ രണ്ടര കോടിയോളം രൂപയുടെ മുതൽ നഷ്ടമായെന്നാണു ബാങ്ക് പരാതി നൽകിയത്. പണയമായി സ്വീകരിച്ച 4 കിലോ 862 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് ലോക്കറിൽ നിന്നു മോഷ്ടിച്ചത്. 4,43,743 രൂപയും കവർന്നു.

40 വർഷത്തോളം പഴക്കമുള്ള സഹകരണ ബാങ്ക് കെട്ടിടം സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അനുമതി തേടി ജോയിന്റ് റജിസ്ട്രാർക്ക് കത്തു നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പ്രദീപ് പോക്കാട്ട് പറഞ്ഞു. തൊട്ടടുത്ത് സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് വാടകക്കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയ ശേഷം പഴയ കെട്ടിടം തകർത്ത് പുതിയ ബാങ്ക് ഓഫിസ് നിർമിക്കുകയാണ് ലക്ഷ്യം.

Related Articles

Back to top button