KeralaLatest

അഷ്ടമുടി പുനരുജ്ജീവനം ജനകീയമായി നടപ്പാക്കും- ധനമന്ത്രി

“Manju”

കൊല്ലം: അഷ്ടമുടി പുനരുജ്ജീവന പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ അഷ്ടമുടിക്കായല്‍ വീണ്ടെടുക്കുന്നതിനായി നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായ വിവരശേഖരണ കായല്‍യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പദ്ധതിയാണ് തുടങ്ങിവെച്ചതെന്നും അഷ്ടമുടികായലില്‍ ആരംഭിക്കുന്ന പദ്ധതി വഴി മറ്റ് കായലുകളിലും സമാന സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും.

സംസ്ഥാനത്തെ ശ്രദ്ധേയവും മാതൃകാപരവുമായ പരിപാടിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കായല്‍ നവീകരണ പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. കായല്‍ യാത്രയുടെ ഭാഗമായി ലഭിച്ച വിവരശേഖരണ റിപ്പോര്‍ട്ട് മേയര്‍ പ്രസന്ന ഏണസ്റ്റ് മന്ത്രിക്ക് കൈമാറി. കായല്‍ യാത്രയ്ക്ക് ശേഷം ലഭിച്ച വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുമായി ആലോചിച്ച്‌ ശാശ്വത പരിഹാരം കാണുന്നതിനായി കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

കോര്‍പ്പറേഷന്‍ അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയും 50 ലക്ഷം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും 50 ലക്ഷം രൂപ ലിങ്ക് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും വിനിയോഗിക്കും. ഇവിടെ ഫ്‌ളോട്ടിംഗ് ഗാര്‍ഡനും മ്യൂസിക് ഫൗണ്ടനും സജ്ജീകരിക്കും. മലിനജലം ഒഴുകിവരുന്ന ഓടകള്‍ കണ്ടെത്തി വകുപ്പുകളുടെ ഏകോപനത്തിലൂടെ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ പ്രാവര്‍ത്തികമാക്കും. മാര്‍ച്ച്‌ 31നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ശുചീകരണ വാരമായ ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. കോര്‍പ്പറേഷന്‍ പ്രദേശത്തും വിവിധ പഞ്ചായത്തുകളിലും ശുചീകരണ യജ്ഞം നടത്തും. ജലാശയങ്ങള്‍ ശുദ്ധീകരിച്ച്‌ സംരക്ഷിക്കുന്നതോടൊപ്പം 55 ഡിവിഷനുകളിലും പഞ്ചായത്തുകളുടെ അതിര്‍ത്തികളിലും പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്ബയിന്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ സംഘടിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

കായല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫ് ലിങ്ക് റോഡില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിര്‍വഹിച്ചു. അഷ്ടമുടിക്കായലിന്റെ പുനരുജ്ജീവന സാമൂഹിക യജ്ഞം യാഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് എം.പി. പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഉദ്യമത്തിന് പൂര്‍ണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായല്‍ സംരക്ഷണത്തിനായി ജില്ലാതല ശില്‍പശാലയും പഞ്ചായത്ത്തല ശില്പശാലകളും നടത്തിയിരുന്നു. കായലിന്റെ അവസ്ഥയെപ്പറ്റി പൂര്‍ണ്ണ വിവരം ലഭ്യമാകാനാണ് വിവരശേഖരണ കായല്‍യാത്ര നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ പദ്ധതി രൂപീകരിക്കുക.

എം.എല്‍.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുത്തു.

Related Articles

Back to top button