KeralaLatest

ഓൺ‍ലൈന്‍ തട്ടിപ്പ്; ആദ്യം പരാതിപ്പെട്ടില്ലെങ്കില്‍ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയും

“Manju”

തിരുവനന്തപുരം ; ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ മലയാളിക്ക് ശരാശരി അഞ്ചു കോടി രൂപയെങ്കിലും മാസം നഷ്ടപ്പെടുമ്പോഴും തട്ടിപ്പിനിരായായി ആദ്യ മണിക്കൂറുകളില്‍ പരാതി നല്‍കുന്നത് വളരെ കുറവ്. സംസ്ഥാനത്ത് ഒരു ദിവസം അമ്പതോളം ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് പല സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍, സംഭവം നടന്നയുടന്‍ പരാതി ലഭിക്കുന്നത് പത്തില്‍ താഴെ മാത്രമാണ്. പരാതി വൈകുന്നതുമൂലം പണം തിരിച്ചുപിടിക്കാനുള്ള സാധ്യതയും മങ്ങും. അപഹരിക്കപ്പെടുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്കോ വാലറ്റുകളിലേക്കോ മാറ്റുന്നതിനുമുമ്പ് ഇടപെട്ടാല്‍ തിരികെക്കിട്ടാന്‍ സാധ്യയുണ്ട്.
പോലീസും ബാങ്കുകളുടെ സമിതിയും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയുള്ളതാണ് നഷ്ടമാകുന്ന പണം തിരിച്ചുപിടിക്കാനുള്ള സംവിധാനം. പരാതി ലഭിച്ചാലുടന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബാങ്കുകള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പണം നഷ്ടമായെന്ന് അക്കൗണ്ട് ഉടമ അറിയുന്നത് പലപ്പോഴും വൈകിയാണ്. അതിനാല്‍ പരാതിപ്പെടാനും വൈകും. ഇതിനിടെ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. പരാതികള്‍ അറിയിക്കാനായി 1930 എന്ന പ്രത്യേക നമ്പര്‍ പോലീസ് സജ്ജമാക്കിയിട്ടുമുണ്ട്.
മലയാളികളെ പറ്റിച്ച് തട്ടിയെടുക്കപ്പെടുന്ന പണം മുഴുവനും ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. പരാതി പരിശോധിച്ച് പണം എത്തിയ അക്കൗണ്ട് കണ്ടെത്തുമ്പോഴേക്കും പണം പിന്‍വലിക്കുകയോ ഇ-വാലറ്റുകളിലേക്ക് മാറ്റുകയോ ചെയ്തിരിക്കും. ഇത്തരത്തിലുള്ള 2500-ല്‍ അധികം അക്കൗണ്ടുകളാണ് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം തിരിച്ചറിഞ്ഞിട്ടുള്ളത്. ഒന്നിലധികം തവണ തട്ടിപ്പ് പണം എത്തിച്ചേര്‍ന്ന അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ റിസര്‍വ് ബാങ്കുമായി സൈബര്‍ വിഭാഗം ആശയവിനിമയം നടത്തിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വഴിയും വ്യാജ ഇ.കൊമേഴ്സ് സൈറ്റുകള്‍ വഴിയുമുള്ള തട്ടിപ്പുകളുടെ പണമെത്തുന്നത് പ്രധാനമായും ചൈനയിലേക്കാണ്. ഓണ്‍ലൈന്‍ ജോലി, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ട്രേഡിങ്, വ്യാജ ലോട്ടറി ആപ്പ്, ഒ.എല്‍.എക്‌സ്. തട്ടിപ്പ്, വാഹന വില്‍പ്പന തുടങ്ങിയവയാണ് തട്ടിപ്പുകാരുടെ പുതിയ രീതികള്‍. തട്ടിപ്പിനിരായായി എന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ പരാതിപ്പെടുകയാണ് ഏക പോംവഴി.

Related Articles

Back to top button