InternationalLatest

ജര്‍മ്മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

“Manju”

ബെര്‍ലിന്‍: പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനായി ജര്‍മ്മന്‍ ജനത ഇന്നു വോട്ടു ചെയ്യും. ഏതു പാര്‍ട്ടി ജയിക്കുമെന്നോ, ആര് ചാന്‍സലറാകുമെന്നോ വ്യക്തതയില്ലാത്ത തെരഞ്ഞെടുപ്പാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.

16 വര്‍ഷമായി നാലുവട്ടം ചാന്‍സലറായിരുന്ന ആംഗല മെര്‍ക്കല്‍ ഇനിയൊരൂഴത്തിനില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സിഡിയു), ബവേറിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സഹോദര പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍(സിഎസ്‌യു), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്പിഡി) എന്നിവരുടെ സഖ്യസര്‍ക്കാരാണ് നിലവിലുള്ളത്.

അഭിപ്രായ സര്‍വേകളില്‍ സിഡിയുവും എസ്പിഡിയും ഒപ്പത്തിനൊപ്പമാണ്. മെര്‍ക്കലിന്‍റെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്ന അര്‍മിന്‍ ലാഷെറ്റിനുമേല്‍, എസ്പിഡി നേതാവും ധനമന്ത്രിയുമായ ഒലാഫ് ഷോള്‍സിനു മേല്‍ക്കൈ ഉണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനില്ലെന്നു നേരത്തേ പറഞ്ഞ മെര്‍ക്കല്‍, അഭിപ്രായ സര്‍വേകളില്‍ പാര്‍ട്ടി പിന്നോട്ടു പോയ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളില്‍  റാലികളില്‍ പങ്കെടുത്തു.
.
ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടസ്റ്റാഗിലെ 598 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാത്രിയോടെ ലീഡ് നില വ്യക്തമാകും. കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അടുത്ത ചാന്‍സലര്‍ ആരെന്നറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നേക്കാം.

Related Articles

Back to top button