IndiaLatest

ലോകത്തിലെ ഏക ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസ്

“Manju”

ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തിലാണ് ലോകത്തിലെ ഏക ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 2011 ലാണ് പദ്ധതി പുനരാരംഭിച്ചത്. ശ്രീനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു പാര്‍ക്ക് തപാല്‍ ഓഫീസിനെ ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസാക്കി മാറ്റുകയായിരുന്നു.

വലിയൊരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. കാശ്മിരിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണിവിടം. ഒരു തടിപ്പാലത്തിലൂടെയാണ് ഓഫീസിന് അകത്തേയ്‌ക്കുള്ള പ്രവേശനം. ജീവനക്കാരും സന്ദര്‍ശകരും പാദരക്ഷകള്‍ പുറത്ത് അഴിച്ചുവെയ്‌ക്കണമെന്നത് നിര്‍ബന്ധമാണ്. സാധാരണ പോസ്റ്റല്‍ സേവനങ്ങള്‍ക്ക് പുറമെ സ്റ്റാമ്പുകളുടെ വന്‍ശേഖരവും ഒരുക്കിയിട്ടുണ്ട്. പോസ്റ്റല്‍ സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരേക്കാള്‍ ഇവിടെയത്തുന്നത് നൂറുകണക്കിന് ടൂറിസ്റ്റുകളാണ് പോസ്റ്റ് ഓഫീസ് സേവനം ഉപയോഗപ്പെടുത്തുന്നത്.

ഒറ്റനോട്ടത്തില്‍ ഇതൊരു സാധാരണ ശിക്കാര ബോട്ടെണെന്ന് തോന്നിയേക്കാം. എന്നാല്‍ ആ ഹൗസ് ബോട്ടിന്റെ അകത്തേക്ക് കയറിയാല്‍ ആരേയും അത്ഭുതപ്പെടുത്തും വിധമുള്ള വാസ്തുവിദ്യ കാണാം. ഇവിടെ നിന്നും അയക്കുന്ന കത്തുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കാര്‍ഡുകളില്‍ ദാല്‍ തടാകത്തിന്റെയും ശ്രീനഗറിന്റെയും മനോഹരമായ ഒരു ഡിസൈന്‍ ആലേഖനം ചെയ്തിട്ടുണ്ട്. സ്റ്റാമ്പുകളില്‍ ദാല്‍ തടാകത്തിന്റെ ചിത്രവും ഉള്‍ക്കൊള്ളുന്നു.

1990 ല്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട പോസ്റ്റ് ഓഫീസ് 2011 ലാണ് വീണ്ടും തുറക്കുന്നത്. അന്നത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ആയിരുന്ന ജോണ്‍ സാമുവലിന്റെ ആശയമായിരുന്നു ഫ്ളോട്ടിംഗ് പോസ്റ്റ് ഓഫീസ്. പ്രതിമാസം ഒരുകോടിയിലധികം രൂപയുടെ വരുമാനം ഇവിടെനിന്നും ലഭിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ പോസ്റ്റ്. 1746 ലാണ് ഇന്ന് കാണുന്ന പോസ്റ്റല്‍ സമ്പ്രദായം നിലവില്‍ വന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റല്‍ സംവിധാനമാണ് ഇന്ത്യയിലേത്. 1,55,400ല്‍ അധികം പോസ്റ്റ് ഓഫീസുകള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം. ഇന്ത്യയുടെ 88% ശതമാനം ഭൂപ്രദേശത്തും തപാല്‍ സംവിധാനം നിലവിലുണ്ട്.

Related Articles

Back to top button