KeralaLatest

ഗാന്ധിജയന്തി ;ജില്ലാതല ആഘോഷം മന്ത്രി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

“Manju”

കൊല്ലം: ഇക്കൊല്ലത്തെ ഗാന്ധിജയന്തി ആഘോഷം കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ഒക്‌ടോബര്‍ രണ്ടിന് രാവിലെ എട്ടിന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പണം, പുഷ്പാര്‍ച്ചന, രാഷ്ട്രത്തിന്റെ അഖണ്ഡതയും ദേശീയോദ്ഗ്രഥനവും മതമൈത്രിയും ശക്തിപ്പെടുത്തുന്നതിനുള്ള ദൃഢപ്രതിജ്ഞ എന്നിവയാണ് പരിപാടികള്‍.

മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഗാന്ധിസ്മൃതി സമ്മേളനത്തില്‍ എം. പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എം. മുകേഷ് എം. എല്‍. എ ഗാന്ധിജയന്തി സന്ദേശം നല്‍കും. എം. നൗഷാദ് എം. എല്‍. എ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ സാഗതം പറയും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എന്നിവര്‍ ആശംസ നേരും. ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ത്ഥന നടത്തും.
ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണ കുമാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ നന്ദി പറയും. വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തും. കോവിഡ് മാനദണ്ഡം പാലിച്ച്‌ നടത്തുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button