IndiaLatest

ഫണ്ടുകള്‍ ഗുജറാത്തിന് കൂടുതല്‍; വര്‍ദ്ധന 350 ശതമാനം

“Manju”

ദില്ലി; ഗുജറാത്തിലെ വിവിധ ഏജന്‍സികള്‍ക്ക് 2015 ല്‍ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് കൈമാറിയ ഫണ്ടുകള്‍ 350 ശതമാനം വര്‍ദ്ധിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ട് .സംസ്ഥാനത്തിന്റെ വാര്‍ഷിക ഫിനാന്‍സ് അക്കൗണ്ടുകളില്‍ പ്രതിഫലിപ്പിക്കാത്ത സ്വകാര്യ ട്രസ്റ്റുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്‍പ്പെടെ നല്‍കിയ ഫണ്ടുകളിലാണ് വലിയ വര്‍ധനവ് ഉണ്ടായത്. ചൊവ്വാഴ്ച ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള എല്ലാ സഹായങ്ങളും ഒപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധിക സഹായങ്ങളും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. 2014 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനായിരുന്നു തിരുമാനം. എന്നിരുന്നാലും, ഗുജറാത്തില്‍ കേന്ദ്ര ഫണ്ടുകള്‍ നേരിട്ട് സംസ്ഥാന നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കൈമാറുന്നത് 2019-20 കാലഘട്ടത്തിലും തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കൈമാറിയ ഫണ്ടുകള്‍ 2015-16 ല്‍ 2,542 കോടി രൂപയില്‍ നിന്ന് 2019-20 ല്‍ 350 ശതമാനത്തിലധികം ഉയര്‍ന്ന് 11,659 കോടി രൂപയായി വര്‍‍ധിച്ചുവെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്വകാര്യ അക്കാദമിക് സ്ഥാപനങ്ങള്‍ (17 കോടി രൂപ), ട്രസ്റ്റുകള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ എന്‍ ജി ഒകള്‍ (18.35 കോടി രൂപ) , വ്യക്തികള്‍ (1.56 കോടി രൂപ) എന്നിവയ്ക്ക് ഗണ്യമായ ഫണ്ടുകള്‍ എങ്ങനെയാണ് സര്‍ക്കാര്‍ നേരിട്ട് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ കമ്പനികള്‍ക്ക് 837 കോടി രൂപയാണ് നല്‍കിയത്. ട്രസ്റ്റുകള്‍ക്ക് 79 കോടിയും നല്‍കിയിട്ടുണ്ട്.
സാമൂഹിക, സാമ്പത്തിക മേഖലകളിലെ വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സംസ്ഥാന നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ഫണ്ട് കൈമാറുന്നത്. .ഈ ഫണ്ടുകള്‍ സംസ്ഥാന ബജറ്റിലോ ട്രഷറി സംവിധാനത്തിലൂടെയോ അല്ല വിതരണം ചെയ്യുന്നത് എന്നതിനാല്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക കണക്കുകളില്‍ ഇവ ഉള്‍പ്പെടില്ല. 2019 -20 കാലയളവിലാണ് ഏറ്റവും കൂടുതല്‍ കേന്ദ്ര ഫണ്ടുകള്‍ വിതരണം ചെയ്തതെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി കൈമാറിയ 3,133 കോടി രൂപയും ഉള്‍പ്പെടുന്നു.പദ്ധതിപ്രകാരം പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, സാമ്പത്തികമായി അവരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്ന ഗാന്ധിനഗര്‍ അഹമ്മദാബാദ് മെട്രോ ലിങ്ക് എക്സ്പ്രസിനും 1667 കോടി രൂപ നല്‍കിയിട്ടുണ്ട്.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 593 കോടി രൂപയുടെ ഫണ്ടും, എംപിമാരുടെ പ്രാദേശിക വികസനത്തിനുള്ള ഫണ്ടായി 182 കോടിയും പ്രസവാനുകൂല്യ പദ്ധതിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക്  97 കോടിയും നല്‍കിയിട്ടുണ്ട്. 2019-20 കാലയളവില്‍ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ഫണ്ടുകള്‍ നല്‍കിയ ഏജന്‍സികളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (3,406 കോടി രൂപ), സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ (3,389 കോടി രൂപ), കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (1826 കോടി രൂപ),സര്‍ക്കാര്‍, സ്വയംഭരണ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ (1,069 കോടി രൂപ) എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button