Kozhikode

ഓട്ടോയിലിടിച്ച് ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

“Manju”

കോഴിക്കോട്: കോഴിക്കോട് ചൂരാംവയലിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

കുന്ദമംഗലത്തിനും താമരശേരിക്കും ഇടയിൽ ചൂരാംവയലിലെ വളവിൽ വെച്ചായിരുന്നു അപകടം. മഴയത്ത് തെന്നിമാറിയ ബസ് ഓട്ടോറിക്ഷകളിൽ ഇടിച്ച് മറിയുകയായിരുന്നു. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസിന് വളവിൽ നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒന്നരവയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.

ബസ് യാത്രക്കാരായ ആറ് പേരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 50ൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ നാട്ടുകാരുടെ നേതൃത്വത്തിൽ ബസ് ഉയർത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. അപകടത്തെ തുടർന്ന് കോഴിക്കോട്-വയനാട് പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Related Articles

Back to top button