InternationalLatest

കാബൂളിൽ പള്ളിക്ക് പുറത്ത് സ്ഫോടനം, നിരവധി മരണം

“Manju”

കാബൂള്‍: താലിബാന്‍ നേതാവിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കവെ പള്ളിക്ക് പുറത്ത് സ്‌ഫോടനം. കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ വേളയില്‍ തന്നെ കാബൂളിലെ മറ്റു രണ്ടിടങ്ങളിലും സ്‌ഫോടനവും വെടിവയ്പ്പും നടന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ കടകള്‍ നടത്തുന്നവരാണ് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. സ്‌ഫോടനത്തില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂ. ഈദ്ഗാഹ് പള്ളിക്ക് പുറത്ത് സ്‌ഫോടനം നടന്ന കാര്യം താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് ആണ് ട്വിറ്ററില്‍ അറിയിച്ചത്. സബീഹുല്ലയുടെ മാതാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതുപ്രകാരം നിരവധി പേര്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമെത്തി. ഈ വേളയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണം ആസൂത്രിതമാണ് എന്ന് താലിബാന്‍ നേതാക്കള്‍ പറയുന്നു. ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമല്ല. ഐസിസിനെയാണ് താലിബാന്‍ സംശയിക്കുന്നത്.
പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനാല്‍ വലിയ തിരക്കായിരുന്നു. തുടര്‍ന്ന് പള്ളിയിലേക്കുള്ള വഴി പോലീസ് ബ്ലോക്ക് ചെയ്തു. തൊട്ടുപിന്നാലെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. നിരവധി പേര്‍ മരിച്ചുവെന്നാണ് കരുതുന്നത്- ദൃക്‌സാക്ഷിയെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടിടത്ത് സ്‌ഫോടനവും വെടിവയ്പ്പും നടന്നു എന്ന് എഎഫ്പി മാധ്യമപ്രവര്‍ത്തകരും സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കാബൂളിലെ എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. മരണ സഖ്യ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button