IndiaLatest

ബ്രിട്ടനില്‍ നിന്നുളള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍

“Manju”

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ എഴുനൂറോളം യാത്രക്കാരെ പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് അയച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം എത്തിയ യാത്രക്കാരെയാണ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിനുശേഷം ക്വാറന്റൈനിലാക്കിയത്. ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെയുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമം അനുസരിച്ച്‌ ഇന്ത്യയിലേക്ക് വരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും യാത്രതുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. ഇവര്‍ക്ക് പത്തുദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് ഇന്ത്യയും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.

കഴിഞ്ഞദിവസമാണ് കേന്ദ്രം അന്താരാഷ്ട്രാ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. ഇതിലാണ് ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്.പുതിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.

ബ്രിട്ടീഷ് , കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇ-വിസ സൗകര്യം ഇന്ത്യ ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ സാധാരണ സ്റ്റാമ്പ് വിസയ്ക്ക് അപേക്ഷിക്കണം. ഇന്ത്യന്‍ പൗരന്മാരുടെ പ്രവേശനത്തിന് ഈ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ നടപടികള്‍ കടുപ്പിച്ചത്.

Related Articles

Back to top button