InternationalLatest

ഐപിഎല്‍; പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

“Manju”

ദുബായ് ;ഐപിഎല്‍ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ പ്ലേ ഓഫ് . രാത്രി 7:30 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 14 മത്സരങ്ങളില്‍ നിന്നും 10 വിജയം ഉള്‍പ്പടെ 20 പോയിന്‍റുമായി ഗ്രൂപ്പില്‍ നമ്പര്‍ വണ്ണായാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് യോഗ്യത. 14 മത്സരങ്ങളില്‍ നിന്നും 41.84 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ ആകെ 544 റണ്‍സ് അടിച്ചു കൂട്ടിയ ശിഖര്‍ ധവാനാണ് ക്യാപിറ്റല്‍സ് ബാറ്റിംഗിലെ മുന്നണിപ്പോരാളി.

റണ്‍ വേട്ടക്കാരുടെ പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. 14 കളിയില്‍ നിന്നും 22 വിക്കറ്റുകള്‍ വീഴ്ത്തിയ ആവേശ് ഖാനിലും ഡല്‍ഹിക്ക് പ്രതീക്ഷയേറെ. മികച്ച വിക്കറ്റ് നേട്ടക്കാരുടെ പേരില്‍ രണ്ടാമനാണ് ആവേശ് ഖാന്‍. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ റിച്ച്‌ നോര്‍ട്ട്ജെ ഉള്‍പെടുന്ന ബൗളിംഗ് നിര പുറത്തെടുക്കുന്നതും ഒന്നാന്തരം പ്രകടമാണ്.

ഗ്രൂപ്പ് ഘട്ടങ്ങളിലെ ടീമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് റിഷാഭ് പന്തിന്റെ സംഘം ഇറങ്ങുന്നത്. അതേസമയം ഒരിടവേളക്ക് ശേഷമുള്ള കിരീട വിജയമാണ് എം.എസ് ധോനി ക്യാപ്ടനായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ലക്ഷ്യം. ഓള്‍ റൗണ്ടര്‍മാര്‍ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട . 14 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ചുറി ഉള്‍പ്പടെ 546 റണ്‍സുമായി മികച്ച റണ്‍ വേട്ടക്കാരില്‍ രണ്ടാമതുള്ള ഫാഫ് ഡ്യുപ്ലെസിസാണ് ചെന്നൈയുടെ ബാറ്റിംഗ് പോരാളി. ഓപ്പണിംഗില്‍ റുതുരാജ് ഗെയ്ക്ക് വാദ് വെടിക്കെട്ട് തുടക്കം ആവര്‍ത്തിച്ചാല്‍ സൂപ്പര്‍ കിങ്സ് ബാറ്റിംഗില്‍ സൂപ്പറാകും.

14 മത്സരങ്ങളില്‍ നിന്നും ആകെ 18 വിക്കറ്റുകള്‍ നേടിയ ശാര്‍ദ്ദുല്‍ താക്കൂറും ഫോമിലാണ്. ഇരു ടീമുകളും ആകെ 25 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ 15 തവണ വിജയം ചെന്നൈയ്ക്കൊപ്പം നിന്നു. 10 തവണ ഡല്‍ഹി വിജയം സ്വന്തമാക്കി. നിര്‍ണായക മത്സരങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പതിവ് ചെന്നൈ ആവര്‍ത്തിച്ചാല്‍ ത്രില്ലര്‍ പ്ലേ ഓഫ് പോരിനാകും ദുബായ് സാക്ഷ്യം വഹിക്കുക. ഐപിഎല്ലിലെ ആദ്യ ഫൈനലിസ്‌റ്റാരാകുമെന്നറിയാന്‍ ഇനി ചെറിയ കാത്തിരിപ്പ് മാത്രമാണ് ബാക്കി.

Related Articles

Back to top button