India

പണവും പദവിയും ലക്ഷ്യം; പഠനം ഉപേക്ഷിച്ച് വീടുവിട്ട് ഇറങ്ങി  വിദ്യാർത്ഥികൾ

“Manju”

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ ഏട്ടുപേരെ ബെഗംളൂരുവിൽ കാണാതായി. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവരെ കാണാതായത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിരുന്നു. പഠിക്കാൻ താല്പര്യം ഇല്ലാത്തതിന്റെ പേരിലാണ് വീട് വിട്ട് പോകുന്നതെന്നുമാണ് കത്തിൽ കുറിച്ചത്. ഹെസരാഘട്ടയിലാണ് സംഭവം.

പരീക്ഷിത്, നന്ദൻ, കിരൺ എന്നിവരെയാണ് കാണായത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂവരും.വൈകുന്നേരം ആയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കത്ത് കണ്ടെടുത്തു.പഠനത്തിൽ താല്പര്യമില്ലെന്നും പേരും പണവും സമ്പാദിച്ചതിന് ശേഷം തിരികെ വരാമെന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.

മൂന്ന് പേരും ഓരോ കത്തുകളാണ് എഴുതിയത്. പഠനത്തേക്കാൾ കായികരംഗത്താണ് കൂടുതൽ താൽപര്യം ഉളളത്. പഠിക്കാൻ സമ്മർദ്ദം ചെലുത്തിയാലും പഠനം തുടരാൻ താൽപ്പര്യമില്ല. കായിക മേഖലയിൽ എത്തിപ്പെട്ടാൽ കരിയർ മെച്ചപ്പെടുമെന്നുമാണ് മൂവരും കത്തിൽ കുറിച്ചത്. കബഡി ഗെയിമാണ് ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈ മേഖലയിൽ നിന്ന് നല്ല പേര് സമ്പാദിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുമെന്നും അതിന് ശേഷം തിരിക്കെ വരാമെന്നാണ് കത്തിൽ എഴുതിയത്.പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമാനമായ ഒരു സംഭവവും കഴിഞ്ഞ് ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 21 കാരിയായ അമൃതവർഷിണിയെയാണ് കാണാതായത്. ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് അമൃതവർഷിണി. യുവതിയോടൊപ്പം 12 വയസ്സുള്ള മൂന്ന് കുട്ടികളെയും കാണാതായി. റോയൻ സിദ്ധാർത്ഥ്, ചിന്തൻ, ഭൂമി എന്നിവരെയാണ് കാണാതായത്. ക്രിസ്റ്റൽ അപ്പാർട്ട്മെന്റിലെ താമസക്കാരാണ് ഇവർ. നാലുപേരും രാവിലെ അമൃതവർഷിണിയോടൊപ്പം പുറത്ത് പോയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. വൈകിട്ട് ആയിട്ടും എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവരിൽ ഒരാളുടെ വീട്ടിൽ നിന്ന് പോലീസ് കത്ത് കണ്ടെത്തിയിട്ടുണ്ട്.അതിൽ സ്ലിപ്പറുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ്, വാട്ടർ ബോട്ടിൽ, പണം, കായിക ഇനങ്ങൾ എന്നിവ കൊണ്ടുപോയതായാണ് എഴുതിയിരിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button