India

സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് അമിത് ഷാ

“Manju”

പോർട്ട് ബ്ലെയർ : സ്വാതന്ത്ര്യസമര നായകനും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാൻ നിക്കോബാർ സന്ദർശനവേളയിലാണ് സവർക്കർ തടവിൽ കഴിഞ്ഞ മുറി കാണാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ അമിത് ഷാ എത്തിയത്. മുറിയിൽ സ്ഥാപിച്ചിട്ടുള്ള സവർക്കറുടെ ചിത്രത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

ഉച്ചയോടെയാണ് അദ്ദേഹം ജയിലിൽ എത്തിയത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മറ്റ് സ്വാതന്ത്ര്യസമര സേനാനികൾക്കും അദ്ദേഹം ആദരവ് അർപ്പിച്ചു. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായാണ് അമിത് ഷാ ആന്തമാൻ നിക്കോബാറിൽ എത്തിയത്.

1910 ലാണ് സവർക്കറെ ബ്രിട്ടീഷ് പട്ടാളം സെല്ലുലാർ ജയിലിൽ തടവിലാക്കിയത്. ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ പിടികൂടി ജയിലിൽ അടച്ചത്. സ്വാതന്ത്ര്യത്തിനായി ശക്തമായി പോരാടിയിരുന്ന അദ്ദേഹം ഇന്ത്യൻ ഹൗസ്, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകളിൽ അംഗമായിരുന്നു. പുസ്തകങ്ങളിലൂടെ ബ്രിട്ടീഷ് പട്ടാളക്കാർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ഭരണകൂടം ഉത്തരവിട്ടു.

ഇതേ തുടർന്ന് ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം ഇന്ത്യയിലേക്ക് വരുന്നതിനിടെ അദ്ദേഹം ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫ്രഞ്ച് തുറമുഖ അധികൃതർ അദ്ദേഹത്തെ പിടികൂടി ബ്രിട്ടീഷ് പട്ടാളത്തെ ഏൽപ്പിച്ചു. തുടർന്ന് സവർക്കറെ ആന്തമാനിലെ സെല്ലുലാർ ജയിലിൽ അടയ്‌ക്കുകയായിരുന്നു.

ശനിയാഴ്ച ആന്തമാൻ നിക്കോബാറിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ അമിത് ഷാ വിലയിരുത്തും. റാണി ലക്ഷ്മിഭായി ഐലന്റ്, എക്കോ ടൂറിസം പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിവടങ്ങളിൽ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. ഇതിന് പുറമേ വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ട് തുടക്കം കുറിക്കും.

Related Articles

Back to top button