India

 നവംബർ 9ന് പ്രധാനമന്ത്രി കേദാർനാഥിൽ ദർശനം നടത്തും

“Manju”

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 9ന് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ മദാൻ കൗശിക് അറിയിച്ചു. എൻഡിഎ സർക്കാരിന്റെ തുടർഭരണത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേദാർനാഥിൽ എത്തുന്നത്. ഒടുവിൽ അദ്ദേഹം കേദാർനാഥ് ദർശനത്തിനെത്തിയത് 2019ലായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 16നായിരുന്നു ചാർധാം യാത്രയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നൈനിറ്റാൾ ഹൈക്കോടതി പിൻവലിച്ചത്. വാക്‌സിന്റെ ഇരുഡോസുകൾ സ്വീകരിച്ചവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർക്കും ചാർധാം ക്ഷേത്ര സന്ദർശനം നടത്താമെന്നാണ് നിർദേശം.

കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളാണ് ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമാകുന്നത്. വർഷന്തോറും ആയിരക്കണക്കിന് തീർത്ഥാടകർ ചാർധാം യാത്രയിൽ പങ്കെടുക്കാറുണ്ട്. ശൈത്യകാലത്തോടനുബന്ധിച്ച് ദീപാവലിക്ക് ശേഷം അടുത്ത ആറുമാസ കാലം കേദാർനാഥ്, ബദ്രിനാഥ് ക്ഷേത്രങ്ങൾ അടച്ചിടുന്നതാണ്. നവംബർ 22ന് കേദാർനാഥ് ക്ഷേത്രവും നവംബർ 20ന് ബദ്രിനാഥ് ക്ഷേത്രവും അടയ്‌ക്കുമെന്ന് ഉത്തരാഖണ്ഡ് ചാർധാം ദേവസ്വം മാനേജ്‌മെന്റ് ബോർഡ് അറിയിച്ചു.

Related Articles

Back to top button