KeralaLatest

കരുതലോടെ തൃശൂര്‍

“Manju”

തൃശൂര്‍: നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്കായി കരുതലോടെ ജില്ലാ ഭരണകൂടം. അതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേര്‍ന്നു. പൊലീസ് മേധാവി ഉള്‍പ്പടെ വിവിധ വകുപ്പ് തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. പൊലീസ് സ്റ്റേഷന്‍ പരിധിക്കകത്തുള്ള വിദ്യാലയങ്ങളുടെ മേധാവികളുടെ യോഗം അടിയന്തിരമായി ചേരും.അതോടൊപ്പം കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ പൊലീസിന്റെ സഹായം ലഭ്യമാക്കും. തിരക്കേറിയ പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിക്കും. ആവശ്യമായ എല്ലാ ജാഗ്രതയും സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു.കുട്ടികളുടെ ആരോഗ്യ പരിപാലനകാര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവര്‍ത്തകന്റെ സേവനം ഉറപ്പുവരുത്തും. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പി എച്ച്‌ സി യിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച്‌ പ്രത്യേക നിര്‍ദ്ദേശം നല്‍കും. അധ്യാപകരില്‍ കോവിഡ് ബാധിച്ചവര്‍, അലര്‍ജി മുതലായ രോഗങ്ങളുള്ളവര്‍ എന്നിങ്ങനെയുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാകാനുണ്ട്.

പാചകത്തൊഴിലാളികള്‍, സ്കൂള്‍ വാഹനത്തിലെ ഡ്രൈവര്‍മാര്‍, സഹായികള്‍ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നവംബര്‍ ഒന്നിന് മുന്‍പായി രണ്ടു ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കണം. വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കള ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കൂടി സഹകരിക്കും. സാനിറ്റൈസര്‍, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കാന്‍ കെ എം എസ് സി എല്ലുമായി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ ധാരണയായി.യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികള്‍ മാസ്ക് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ സംഭാവന നല്‍കുമെന്ന് അറിയിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സിലിങ് നടത്താനുള്ള ചുമതല വനിതാ ശിശു ക്ഷേമ വകുപ്പിനെ ഏല്പിച്ചു. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് പഞ്ചായത്ത്‌, മുനിസിപ്പല്‍, കോര്‍പറേഷന്‍ തല വിദ്യാഭ്യാസ സമിതികള്‍ വിളിച്ചു ചേര്‍ക്കും.

സ്‌കൂളുകളുടെ ഫിറ്റ്‌നെസ് കര്‍ശനമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗം ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധന നടത്തും. വിദ്യാലയങ്ങളുടെ വാഹനപരിശോധന, തിരക്കേറിയ റോഡുകളില്‍ അധികവാഹനങ്ങള്‍ മുതലായ കാര്യങ്ങളില്‍ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. വിദ്യാലയം ശുചിയാക്കാന്‍ ജില്ലയില്‍ നടത്തിയ കളിമുറ്റമൊരുക്കാം എന്ന പരിപാടി വമ്ബിച്ച വിജയമായെന്നും യോഗം വിലയിരുത്തി.

Related Articles

Back to top button