IndiaLatest

കെഎസ്‌ആര്‍ടിസി,നഷ്ടത്തിലോടുന്ന ഡിപ്പോകളുടെ ലിസ്റ്റ് പുറത്ത്

“Manju”

കൊല്ലം: ട്രിപ്പുകളുടെ ഇന്ധന ചെലവിന് പോലും തുക ലഭിക്കാത്ത രീതിയില്‍ മോശം പെര്‍ഫോമന്‍സ് നടത്തുന്ന ഡിപ്പോ അധികാരികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന താക്കീതുമായി ഗതാഗത മന്ത്രി ആന്റണി രാജു.കെഎസ്‌ആര്‍ടിസിയുടെ സൗത്ത് സോണിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിപ്പോകളായ കിളിമാനൂര്‍ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40%) , ചടയമം​ഗലം (36.5%,) വികാസ് ഭവന്‍ (34.3%), പുനലൂര്‍ (32.2 %) എന്നിവടങ്ങളില്‍ നിന്നും പ്രതിമാസം കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പെര്‍ഫോമന്‍സ് നടത്തുന്ന ഡിപ്പോകള്‍ക്ക് ഉപഹാരം സമ്മാനിച്ച്‌ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. മികച്ച പെര്‍ഫോമന്‍സിനുള്ള ഒന്നാം സ്ഥാനം നേടിയത് പാറശ്ശാല ഡിപ്പോ ആയിരുന്നു. പൂവാര്‍, വെള്ളറട ഡിപ്പോകള്‍ രണ്ടും മൂന്നും സ്ഥാനവും നേടി. അവലോകന യോഗത്തിന്റെ വിശദവിവരങ്ങള്‍ കെഎസ്‌ആര്‍ടിസി ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
“കെഎസ്‌ആര്‍ടിസിയുടെ വരുമാന വര്‍ദ്ധനവിന് നൂതന ആശയങ്ങള്‍ നടപ്പിലാക്കും : ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു.
കെഎസ്‌ആര്‍ടിസിയുടെ വരുമാന വര്‍ദ്ധനവിന് നൂതന ആശയങ്ങള്‍ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ബഹു: ​ഗതാ​ഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ സൗത്ത് സോണിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ വിപുലീകരിക്കും. മലക്കപ്പാറയിലേക്കുള്ള സര്‍വ്വീസ് വിജയമായത് പോലെ ​ഗവി, പൊന്‍മുടി എന്നിവടങ്ങിളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോ​ഗത്തില്‍ , ഡൈനാമിക് ഷെഡ്യൂളിം​ഗ്, വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡന്‍സ് ബോണ്ട് സര്‍വ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങള്‍ , ​ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങള്‍ കളക്ഷന്‍ കുറഞ്ഞ സര്‍വ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
​ഗതാ​ഗത സെക്രട്ടറി കൂടിയായ കെ എസ് ആര്‍ ടി സി സി.എം.ഡി ശ്രീ. ബിജു പ്രഭാകര്‍ ഐഎഎസ്, കെ എസ് ആര്‍ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, സൗത്ത് സോണിലെ പ്രധാന ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോ​ഗത്തില്‍ വെച്ച്‌ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സിന് ഉള്ള ഉപഹാരം പാറശ്ശാല ഡിപ്പോ ( ഒന്നാം സ്ഥാനം) പൂവാര്‍ ഡിപ്പോ ( രണ്ടാം സ്ഥാനം), വെള്ളറട ( മൂന്നാം സ്ഥാനം), യൂണിറ്റുകള്‍ക്ക് മന്ത്രി സമ്മാനിച്ചു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളായ കിളിമാനൂര്‍ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40%) , ചടയമം​ഗലം (36.5%,) വികാസ് ഭവന്‍ (34.3%), പുനലൂര്‍ (32.2 %) എന്നിവടങ്ങളില്‍ നിന്നും പ്രതിമാസം 5 കോടിയോളം രൂപയുടെ നഷ്ടമാണ് ഉള്ളത്. ഈ ട്രിപ്പുകളൊക്കെ ഇന്ധന ചിലവിനുള്ള തുക പോലും ലഭിക്കാതെയാണ് നഷ്ടമുണ്ടാക്കുന്നത്. ഇത്തരത്തില്‍ മോശം പെര്‍ഫോമന്‍സ് നടത്തുന്ന ഡിപ്പോകളിലെ യൂണിറ്റ് അധികാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവര്‍ക്ക് റാങ്കിം​ഗ് നിശ്ചയിച്ച്‌ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നല്‍കുമെന്നും , മോശം പെര്‍ഫോമന്‍സ് ഉള്ള ഡിപ്പോയിലെ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ജി.പി പ്രദീപ്കുമാര്‍, യൂണിറ്റ് തല അവലോകനം നടത്തി. കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, സൗത്ത് സോണിലെ 37 യൂണിറ്റുകളിലെയും യൂണിറ്റ് ഓഫീസര്‍മാരുടെയും ഓപ്പറേറ്റിങ് സെന്‍റര്‍ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് മാരും അവലോകന യോഗത്തില്‍ പങ്കെടുത്തു. സൗത്ത് സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍കുമാര്‍ സ്വാഗതം ആശംസിക്കുകയും, സോണല്‍ ട്രാഫിക് ഓഫീസര്‍. എന്‍.കെ ജേക്കബ് സാം ലോപ്പസ് കൃതജ്ഞത പറയുകയും ചെയ്തു”

Related Articles

Back to top button