IndiaLatest

കുഞ്ഞിനെ അധ്യാപക ദമ്പതികള്‍ ദത്തെടുത്തതായി റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ആന്ധ്രപ്രദേശിലുള്ള അധ്യാപക ദമ്ബതികള്‍ ദത്തെടുത്തതായി റിപ്പോര്‍ട്ട്‍. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ഒരു വയസാണ് കുഞ്ഞിനുള്ളത്. നാല് വര്‍ഷം മുമ്ബ് ഓണ്‍ലൈന്‍ വഴിയാണ് തങ്ങള്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ താത്കാലിക ദത്തായിട്ടാണുള്ളത്. ഏറ്റവും ഒടുവിലായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം മതിയെന്ന് ദമ്ബതികള്‍ പറയുന്നു.
അതേസമയം, കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചു. കുഞ്ഞിന്‍റെ അമ്മയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെ ആറ് പേരാണ് ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ 28ന് കോടതി പരിഗണിക്കും. കേസില്‍ പോലീസിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച്‌ മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
കുഞ്ഞിനെ തന്‍റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച്‌ കഴിഞ്ഞ ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു.
എന്നാല്‍ എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്നായിരുന്നു സിഡബ്ല്യുസി ചെയര്‍പേഴ്സന്‍റെ വാദം. ഇത് മന്ത്രി തള്ളിയിരുന്നു. പോലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു

Related Articles

Back to top button