Latest

സ്വകാര്യ വാഹനങ്ങളിലെ ഒരു ബില്യൺ യാത്രകൾ ഒഴിവാക്കി മെട്രോ 

“Manju”

ദുബായ് : ദുബായ് മെട്രോയുടെ വരവോടെ സ്വകാര്യ വാഹനങ്ങളിലെ ഒരു ബില്യൺ യാത്രകൾ ഒഴിവാക്കാനായതായി റോഡ്‌സ് ആന്റ് ട്രാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2009 സെപ്റ്റംബർ മുതൽ 2020 അവസാനം വരെ യുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. കൂടുതൽ യാത്രാക്കാർ മെട്രോയെ ആശ്രയിച്ചതോടെ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒരു പരിധി വരെ കുറക്കാനുമായി.

2009 സെപ്തംബർ മുതൽ 2020 അവസാനം വരെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദുബായ് മെട്രോക്ക് കൈവരിക്കാനായത് 115 ബില്യൺ ദിർഹം ആണെന്നും യാത്രാക്കാർ ഭൂരിഭാഗവും മെട്രോയെ ആശ്രയിക്കുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഒരു ബില്യൺ യാത്രകൾ ഒഴിവാക്കാനായതായും ദുബായ് ആർടിഎ അറിയിച്ചു. ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ആർടിഎയുടെ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മത്താർ മുഹമ്മദ് അൽ തായർ. സ്വകാര്യ വാഹനങ്ങളിലെ യാത്രകൾ ഒരു പരിധി വരെ ഒഴിവാക്കാനായതോടെ കാർബൺ ഡൈ ഓക്‌സൈഡ് 2.6 ദശലക്ഷം ടൺ വരെ കുറക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ ഗതാഗത സംവിധാനം വർധിപ്പിക്കുന്നതിനായി നിരവധി പുതിയ പദ്ധതികളാണ് ഇതിനോടകം ആർടിഎ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മെട്രോ, ട്രാം, ബസുകൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത മാർഗങ്ങൾ കൂടാതെ, മറ്റ് മൊബിലിറ്റി സംവിധാനങ്ങളായ ടാക്‌സി ഇ-ഹെയ്ൽ , സ്മാർട്ട് കാർ സേവനം, ബസ് ഓൺ-ഡിമാൻഡ് , ബൈക്ക്, സ്‌കൂട്ടർ എന്നിവയുടെ വാടകയ്‌ക്കെടുക്കൽ തുടങ്ങിയ സേവനങ്ങളിലും ആർടിഎ നവീന പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. സ്മാർട്ട് സാങ്കേതികവിദ്യകളുടെ ഉപയോഗവും കണക്കിലെടുത്തായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്നും അധികൃതർ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണത്തിൽ നടപ്പിലാക്കുന്ന ദുബായ് മാസ്റ്റർ അർബൻ പ്ലാൻ 2040 ലൂടെ റെക്കോഡ് സമയത്തിനുള്ളിൽ ഗുണനിലവാരമുള്ള നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ആർടിഎക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായ ദുബായ് മെട്രോയും 28 ട്രാഫിക് പാതകളെ ഉൾക്കൊള്ളുന്ന മൂന്ന് പ്രധാന റോഡുകളെ മുറിച്ചുകടക്കുന്ന കനാലിന്റെ റൂട്ട് ഉൾപ്പെടെ നിരവധി സങ്കീർണ്ണമായ വെല്ലുവിളികൾ നേരിട്ടിട്ടും പൂർത്തിയാക്കിയ ദുബായ് വാട്ടർ കനാൽ പദ്ധതിയും പ്രൊജക്ടുകളിൽ ഉൾപ്പെടുന്നു.

Related Articles

Check Also
Close
Back to top button