IndiaLatest

നഗരത്തില്‍ 150 ഇ ഓട്ടോറിക്ഷകള്‍

“Manju”

കൊച്ചി : ഇന്ധനവില കുതിക്കുമ്പോള്‍ കുറഞ്ഞ ചെലവിലും പ്രകൃതിസൗഹൃദപരമായും നഗരത്തില്‍ കറങ്ങാന്‍ കൂടുതല്‍ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍. 150 ഓട്ടോകളാണ്‌ സര്‍വീസ്‌ നടത്താന്‍ തയ്യാറെടുക്കുന്നത്‌. നവംബര്‍ മധ്യത്തോടെ 50 എണ്ണം മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ഓട്ടംതുടങ്ങും. 22 മെട്രോ സ്‌റ്റേഷനുകളില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കാന്‍ കെഎംആര്‍എല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണസംഘവുമായി തീരുമാനമായിരുന്നു. ഓരോ സ്‌റ്റേഷനില്‍നിന്നു രണ്ട്‌ ഓട്ടോവീതമാണ്‌ സര്‍വീസ്‌ നടത്തുക. ഇതിനായി വ്യവസായവകുപ്പും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന്‌ സഹകരണ സംഘം പ്രസിഡന്റ്‌ എം ബി സ്യമന്തഭദ്രന്‍ പറഞ്ഞു. മെട്രോയില്‍ യാത്രതുടങ്ങുന്ന സ്ഥലത്തുനിന്നുതന്നെ എത്തിച്ചേരുന്ന സ്ഥലത്തെ ഓട്ടോറിക്ഷകള്‍ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഭാവിയില്‍ നിലവില്‍വരും. ഓട്ടോറിക്ഷക്കൂലി മെട്രോ ട്രെയിന്‍ ടിക്കറ്റിനൊപ്പം നല്‍കാനാകും.
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ച നടക്കുകയാണ്‌. നിലവില്‍ ഒരേസ്ഥലത്തേക്ക്‌ പോകുന്ന യാത്രക്കാര്‍ക്ക്‌ യാത്രക്കൂലി പങ്കിട്ട്‌ സഞ്ചരിക്കാവുന്ന ഇലക്‌ട്രിക്‌ ഷെയര്‍ ഓട്ടോറിക്ഷകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെട്രോ സ്‌റ്റേഷനുകളില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. കൊച്ചി കോര്‍പറേഷന്‍ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ സാമ്ബത്തിക സഹായത്തോടെയാണ്‌ 100 ഇ–ഓട്ടോകള്‍ ഉടന്‍ നിരത്തിലിറങ്ങുക. ഇതിന്‌ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഉടന്‍ ലഭ്യമാക്കുമെന്ന്‌ മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അനുമതി പദ്ധതിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഒരുകോടിയാളം രൂപയാണ്‌ കോര്‍പറേഷന്‍ മുതല്‍മുടക്കുക. ബാക്കിയുള്ള തുക ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണസംഘം വായ്പയിലൂടെ കണ്ടെത്തും.

Related Articles

Back to top button