HealthLatest

സ്തനാര്‍ബുദം തിരിച്ചറിയാം

“Manju”

ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അര്‍ബുദ രോഗികളില്‍ ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്.
അതുകൊണ്ടാണ്, ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്. സ്തനാര്‍ബുദത്തെ കുറിച്ച്‌ ബോധവത്കരിക്കുകയും മുന്‍കൂട്ടി തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തേ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാം.

മാമോഗ്രാഫി, വിദഗ്ധ പരിശോധന കൂടാതെ സ്വയം നിരീക്ഷണത്തിലൂടെ ഇത് തിരിച്ചറിയാം. ആര്‍ത്തവം കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. സ്വയം നിരീക്ഷണത്തിനു രണ്ടു ഭാഗങ്ങളുണ്ട്.
1. കണ്ണാടിക്കുമുന്നില്‍നിന്നുകൊണ്ട് മാറുകളെ വീക്ഷിക്കുക. മൂന്നു തരത്തില്‍ വേണം പരിശോധിക്കാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഇടുപ്പില്‍ കൈകള്‍ െവച്ച്‌ അല്‍പം മുന്നോട്ട് ആഞ്ഞുനില്‍ക്കുന്ന വിധത്തിലും വേണം വീക്ഷിക്കാന്‍.
2. ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിച്ച്‌ അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാം. ഇതിനായി മലര്‍ന്നുകിടന്ന ശേഷം ഇടതുകൈ തലയുടെ പിന്‍വശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്‍പം ഉയര്‍ത്തിവെക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച്‌ ഇടതു മാറ് പരിശോധിക്കുക. സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ലെങ്കിലും ഇതിനു പ്രാധാന്യമുണ്ട്.
ലക്ഷണങ്ങള്‍ എന്തൊക്കെ?
മാറിെന്‍റ ആകൃതി, വലുപ്പം എന്നിവയിലുള്ള മാറ്റങ്ങള്‍, നിറവ്യത്യാസം, വിവിധ വലുപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും, കുത്തുകള്‍ പോലുള്ള പാടുകള്‍ എന്നിവ ലക്ഷണങ്ങളാണ്. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ് എന്നിവയും ലക്ഷണങ്ങളുടെ പട്ടികയിലുണ്ട്.
എപ്പോഴാണ് മാമോഗ്രാം ചെയ്യേണ്ടത്?
ലളിതമായി പറഞ്ഞാല്‍ മാറിെന്‍റ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച്‌ മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം, അര്‍ബുദ സാധ്യതകള്‍ കണ്ടെത്താനും കഴിയും.
സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണ്. സ്തനങ്ങള്‍ മുഴുവന്‍ നീക്കാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കുന്ന സര്‍ജറികള്‍ (breast conservation surgey) സാധ്യമാണ്. സ്തനങ്ങള്‍ പുനര്‍നിര്‍മിക്കുന്ന സര്‍ജറികളും സാധ്യമാണ്.
തുടര്‍ചികിത്സയുടെ ആവശ്യകത
ശരിയായ ചികിത്സ ശരിയായ സമയത്ത് തേടുന്നതുപോലെ പ്രധാനമാണ് തുടര്‍ചികിത്സകളും. ആദ്യം തന്നെ കണ്ടുപിടിച്ച്‌ രോഗം ചികിത്സിച്ച്‌ ഭേദമാക്കിയാല്‍ പിന്നെ തുടര്‍ ചികിത്സ നടത്താന്‍ പലരും മടി കാണിക്കാറുണ്ട്. തുടര്‍ചികിത്സകളോട് വിമുഖത കാണിക്കുമ്ബോള്‍ രോഗം വീണ്ടും വരാനുള്ള സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം ആറുമാസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലോ തുടര്‍ചികിത്സ അനിവാര്യമാണ്.
കാരണങ്ങള്‍
അഞ്ചുമുതല്‍ 10 ശതമാനം വരെ ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തില്‍ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനുശേഷം സ്തനാര്‍ബുദ സാധ്യത വളരെയധികം വര്‍ധിക്കുന്നു. ആര്‍ത്തവവിരാമമാകുന്നതുവരെ ഈ പ്രവണത തുടരുന്നു. സ്തനാര്‍ബുദരോഗങ്ങളില്‍ സ്ത്രീ ഹോര്‍മോണുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വളരെ നേരത്തേയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂലഘടകങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗര്‍ഭധാരണവും പ്രസവവും പ്രതികൂല ഘടകങ്ങളാണ്.
ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് അര്‍ബുദ സാധ്യത കൂട്ടുന്നു. ആഹാരരീതികളുമായി ബന്ധപ്പെട്ട സ്തനാര്‍ബുദ സാധ്യതകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍, മദ്യപാനം സ്തനാര്‍ബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button