KeralaLatest

കൊറിയയിലെ ഉള്ളി കൃഷി; അപേക്ഷകർ 5000

“Manju”

1.12 ലക്ഷം രൂപ പ്രതിമാസ ശമ്ബളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ആയിരങ്ങളാണ് തള്ളിക്കയറിയത്.
സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
ആകെ 100 ഒഴിവിലേയ്ക്ക് അപേക്ഷ അയച്ചതാകട്ടെ 5000ലേറെ പേരും. സത്യാവസ്ഥ എന്തെന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ജോലിയും വേണ്ട ശമ്ബളവും വേണ്ടെന്ന് പറഞ്ഞ് പിന്‍വലിഞ്ഞിരിക്കുകയാണ്. സംഗതി മറ്റൊന്നുമല്ല. ജോലിഭാരവും കൊറിയയിലെ തണുപ്പുമെല്ലാം കോട്ടതോടെയാണ് ആളുകള്‍ പിന്‍വലിയാന്‍ തുടങ്ങിയത്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി ഒഡെപെക് കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ 700 പേരാണ് പങ്കെടുത്തത്.
എറണാകുളം ടൗണ്‍ഹാളില്‍ രണ്ടു ബാച്ച്‌ ആയിട്ടായിരുന്നു സെമിനാര്‍. കൊറിയയിലെ ഭക്ഷണം, താമസം, ഭാഷ, സംസ്കാരം, ജീവിത ചെലവ്, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും സെമിനാറില്‍ വിശദീകരിച്ചു. ജോലി സമയവും അവധിയെയും കുറിച്ച്‌ അറിഞ്ഞതോടെയാണ് പലരും പിന്മാറാന്‍ തുടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണം. മാസത്തില്‍ ലഭിക്കുക രണ്ട് അവധി മാത്രം. ദിവസവും 9 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടിവരും. ഇതൊക്കെയാണ് 1.12 ലക്ഷം രൂപ പ്രതിമാസ ശമ്ബളത്തിന് പിന്നിലെ യാഥാര്‍ഥ്യം. രണ്ടോ മൂന്നോ മാസം തണുപ്പ് മൈനസ് 10 വരെയൊക്കെ പോകുമെന്നും അപ്പോഴും ജോലി മുടക്കാനാവില്ലെന്നും കേട്ടതോടെ പലര്‍ക്കും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയാ മതിയെന്ന അവസ്ഥയായി.
100 ല്‍ 60 പേര്‍ സ്ത്രീകളായിരിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും ഇന്നലെ പങ്കെടുത്തവരില്‍ 100 ല്‍ താഴെ വനിതകളേ ഉണ്ടായുള്ളു. ആദ്യം ജോലിക്ക് പോകുന്നവരുടെ ജോലി വിലയിരുത്തി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ഉള്ളിക്കൃഷിക്കായി ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയെന്നുമായിരുന്നു നിബന്ധന.

Related Articles

Back to top button