KeralaLatest

ജലവൈദ്യുതി പദ്ധതികള്‍ അതിവേഗത്തിലാക്കാന്‍ നിര്‍ദേശം

“Manju”

കണ്ണൂര്‍: കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ വേഗത്തിലാക്കാന്‍ വൈദ്യുതി വകുപ്പ് നിര്‍ദേശം നല്‍കി. രണ്ട് വര്‍ഷത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് വൈദ്യുതി വകുപ്പ് നിര്‍ദേശം നല്‍കിയത്.

കണ്ണൂര്‍ ജില്ലയിലെ പഴശ്ശി അണക്കെട്ടിനോടനുബന്ധിച്ചുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, ചാത്തന്‍കോട്ട് നട എന്നിവയാണ് ഉടന്‍ നിര്‍മ്മാണം തുടങ്ങുന്ന ജലവൈദ്യുത പദ്ധതികള്‍. 80 കോടി ചെലവിടുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്.

ജലവൈദ്യുതി പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനാവശ്യമായ ഫണ്ട് കേന്ദ്രവും കേരളവും വഹിക്കും. 80 കോടിയോളം പദ്ധതി ചെലവ് വരുന്നതില്‍ 20 കോടി കേന്ദ്ര ഊര്‍ജമന്ത്രാലയവും 60 കോടി സംസ്ഥാനവും വഹിക്കും. സംസ്ഥാന ഫണ്ട് വിവിധ ബാങ്കുകളില്‍ നിന്നു മറ്റു സാമ്പത്തിക ഏജന്‍സികളില്‍ നിന്നും സമാഹരിക്കും.

Related Articles

Back to top button