IndiaLatest

ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി

“Manju”

മുംബയ്: അഞ്ചു കോടി വില വരുന്ന രണ്ട് ആഡംബര വാച്ചുകളുമായെത്തിയ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി. ടി20 ലോകകപ്പ് കഴിഞ്ഞ് ഞായറാഴ്‌ച ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വാച്ചുകള്‍ സംബന്ധിച്ച ശരിയായ രേഖകള്‍ ഹര്‍ദിക്കിന്റെ പക്കലില്ലായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ മുംബയ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താന്‍ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹര്‍ദിക് ട്വീറ്റില്‍ കുറിച്ചത്. അവര്‍ നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹര്‍ദിക് വ്യക്തമാക്കി.

രണ്ടു വാച്ചുകള്‍ക്കും കൂടി അഞ്ച് കോടിരൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. അതേസമയം, ഒരു കോടി എണ്‍പത് ലക്ഷം രൂപ വിലയുള്ളതാണ് വാച്ചുകളെന്നാണ് പാണ്ഡ്യ പറയുന്നത്. ദുബായില്‍ നിന്ന് നിയമവിധേയമായി ഞാന്‍ വാങ്ങിയവയാണ് എല്ലാം. അതില്‍ ഇവിടെ കസ്റ്റംസ് ഡ്യൂട്ടിയായി എത്ര തുകയാണ് അടയ്‌ക്കേണ്ടത് എങ്കിലും തയ്യാറാണ്. വ‌സ്‌തുക്കളുടെ എല്ലാം പര്‍ച്ചേസ് രേഖകള്‍ കസ്റ്റംസ് ആരാഞ്ഞു. അതെല്ലാം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദിക് പ്ര‌സ്‌താവനയില്‍ പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാച്ചുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button