KeralaKottayamLatest

ഡോ. മോഹൻ പാമ്പാടി : ത്യാഗത്തിന്റെ പ്രതിരൂപം

“Manju”

കോട്ടയം : ഇന്നലെ ഉച്ചതിരിഞ്ഞ് ദിവംഗതനായ ഏവരുടേയും പ്രിയപ്പെട്ട ഡോ.മോഹൻ പാമ്പാടിയുടെ ജീവിതമെന്നത് ത്യാഗത്തിന്റെ വഴിത്താരകളിൽ ചിലപ്പോഴൊക്കെ ഏകനായി നടന്ന് ഒരു പ്രസ്ഥാനത്തെ വളർത്തി ഗുരുവിന് സമർപ്പിച്ച ധന്യതയുടെ നിറവായിരുന്നു. കോട്ടയത്ത് ആശ്രമ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു. അവിടെയുള്ള ഏതു കർമ്മരംഗങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

ദിവംഗതരായ നാരായണന്റെയും കൊച്ചുപെണ്ണിന്റേയും മകനായി കുമരകത്താണ് ഡോ.മോഹൻ പാമ്പാടി ജനിച്ചത്. സുലോമജ ഏകസഹോദരിയാണ്. പോണ്ടിച്ചേരിയിലാണ് ദന്തചികിത്സ പഠിച്ചത്. തുടർന്ന് പാമ്പാടിയിൽ ഡന്റൽ ക്ലിനിക്ക് തുടങ്ങി. 1984 – 85 കാലഘട്ടത്തിലാണ് ശാന്തിഗിരി ആശ്രമത്തിൽ വന്നു തുടങ്ങുന്നത്.

1980കളുടെ അവസാന കാലഘട്ടമായപ്പോഴേക്കും കോട്ടയത്തുനിന്ന് ഒരുസംഘം ആളുകൾ ഗുരുവിനെ തേടിയെത്തി. അവരിൽ പ്രധാനിയായിരുന്നു ഡോ. മോഹൻ പാമ്പാടി. എല്ലാവർക്കും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കാൻ കോട്ടയത്ത് ഒരിടം വേണം; അവർ ഗുരുവിനെ അറിയിച്ചു. പ്രാർത്ഥിക്കാനായിരുന്നു ഗുരു പറഞ്ഞത്. അവരുടെ വീടുകളിൽ ഒത്തുചേർന്ന് പ്രാർത്ഥന ആരംഭിച്ചു. 1993 മെയ് ആയപ്പോൾ പാമ്പാടിയിൽ ഒരു ട്യൂഷൻ സെന്റർ വാടകക്കെടുത്ത് അവിടെ പ്രാർത്ഥന തുടർന്നു.

പാമ്പാടിക്കും വാഴൂരിനുമിടക്ക് ഒരു സ്ഥലം നോക്കാൻ ഗുരുവിന്റെ അനുവാദം കിട്ടി. പല സ്ഥലങ്ങൾ നോക്കി. അവസാനം അരുവിക്കുഴിയിൽ സ്ഥലം വാങ്ങാൻ അനുവാദം കിട്ടി. അവിടെ മോഹൻ ഡോക്ടറുടെ നേതൃത്വത്തിൽ ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച് ഒരു ഷെഡ് ഉണ്ടാക്കി ഒരാളെ അവിടെ താമസിപ്പിച്ചു. തന്റെ ക്ലിനിക്കിലെ തിരക്കൊഴിയുമ്പോഴൊക്കെ ഡോക്ടർ ആ സ്ഥലത്തെത്തി അവിടെയുള്ള കർമ്മരംഗങ്ങളിൽ ഏർപ്പെടും. ഞായറാഴ്ച കൂടുതൽ പേർ വരും. പൗർണമികളിൽ എല്ലാവരും ഒത്തുചേർന്ന് പ്രാർത്ഥിക്കും. മിക്കവാറും രാത്രികളിൽ ഡോക്ടർ അവിടെ തങ്ങും. വീട്ടിൽ പോകേണ്ടി വന്നാൽ രാത്രി വൈകിയേ പോവൂ. അവിടേക്ക് ഗുരുവിനെ കൊണ്ടുവരണമെന്ന് എല്ലാവർക്കും വലിയ ആഗ്രഹമായി.

1996 ൽ ഒരു തീർത്ഥയാത്രയുടെ ഭാഗമായി എറണാകുളത്ത് എത്തിയ ഗുരു ഒരാളെ മോഹനൻ ഡോക്ടറുടെ അടുത്തേക്ക് അയച്ച് കോട്ടയത്തെ സ്ഥലത്തേക്ക് വരുന്ന വിവരമറിയിച്ചു. ജൂൺ മൂന്നാം തീയതി രാവിലെ 10 മണിയോടെ ഗുരു പാമ്പാടിയിലെ ആശ്രമ വസ്തുവിലെത്തി. അവിടെ ഇരുന്നു കൊണ്ട് ആ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടെ നിന്ന ആളുകളോട് ഗുരു വിശദീകരിച്ചു. അയനിക്കാട് എന്ന സ്ഥലം 5000 വർഷങ്ങൾക്കുമുമ്പ് അയനി മഹർഷിയുടെ നാടായിരുന്നു എന്നും അരുവിക്കുഴി എന്ന് നാട്ടുകാർ വിളിക്കുന്ന സ്ഥലം അരുവിക്കര ആണെന്നും എന്ന് ഗുരു അറിയിച്ചു. തുടർപ്രവർത്തനങ്ങൾക്കു ള്ള നിർദ്ദേശം നൽകി ഗുരു മടങ്ങി.

പിന്നീട് ആശ്രമത്തോട് ചേർന്ന് കുറച്ചുകൂടി സ്ഥലം വാങ്ങാൻ തീരുമാനമായി. പലിശക്ക് പണമെടുത്ത് ഭൂമി വാങ്ങി. പലിശയും മുതലും കൊടുക്കാനാവാതെ ബുദ്ധിമുട്ടുണ്ടായി. മുൻനിരയിൽ നിന്ന മോഹൻ ഡോക്ടറിനെയാണ് ആ പ്രതിസന്ധി കൂടുതലായി ബാധിച്ചത്. കുറെ വർഷങ്ങൾ കൊണ്ടാണ് ഇതിൽ നിന്നും ഡോക്ടർക്ക് കരകയറാനായത്. ഗുരുകാരുണ്യം കൊണ്ട് മാത്രമാണ് ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ അദ്ദേഹത്തിന് മറികടക്കാനായത്. 2001 മാർച്ച് 13ന് അഭിവന്ദ്യ ശിഷ്യപൂജിത പാമ്പാടി സന്ദർശിച്ച് പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. 2019 സെപ്റ്റംബർ 26ന് അഭിവന്ദ്യ ശിഷ്യപൂജിത പുതിയ പ്രാർത്ഥനാലയത്തിന്റെ ശിലാന്യാസം നടത്തി. ഇന്ന് നിരവധി ഭക്തജനങ്ങളുടെ ആശ്രയ കേന്ദ്രമായി ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് മാറിക്കഴിഞ്ഞു. ഡോ.മോഹൻ പാമ്പാടിയുടെ ത്യാഗത്തിന്റെ വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീണ ആ മണ്ണിൽ തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

Related Articles

Back to top button