KeralaLatest

എസ്.ഐ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു

“Manju”

കൊട്ടാരക്കര: താലൂക്കാശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കിടെ ചായ കുടിക്കാന്‍ ദേശീയപാതയിലേക്കിറങ്ങിയ ഗ്രേഡ് എസ്.ഐ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെ ദേശീയ പാതയില്‍ കൊട്ടാരക്കര ഹോസ്പിറ്റല്‍ ജങ്​ഷനിലായിരുന്നു അപകടം. വയര്‍ലെസ് സെറ്റുമായി റോഡിലേക്കിറങ്ങിയ ജോണ്‍സണ്‍, ടിപ്പര്‍ ലോറി വരുന്നത് കണ്ട് വേഗത കുറക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്​. എന്നാല്‍, ലോറി വരുന്നതു കണ്ടിട്ടും നടത്തത്തിന് ജോണ്‍സന്‍ വേഗത കൂട്ടിയിരുന്നില്ല. തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണതായാണ് നിഗമനം. ഇതിനിടെ, കയറ്റം കയറി വന്ന ടിപ്പര്‍ ഇടിക്കുകയും തല തകര്‍ന്ന് തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
ഒരു മാസം മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. ഇതിന്‍റെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ കൊട്ടാരക്കരയില്‍ ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 7 ന് കൊട്ടാരക്കര സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് വീട്ടിലെത്തിക്കും. 12 ന് ഔദ്യോഗിക ബഹുമതികളോടെ മരങ്ങാട്ട് പള്ളിയില്‍ സംസ്​കരിക്കും.
പുനലൂര്‍ ഗവ: ഹൈസ്കൂള്‍ അധ്യാപിക ബസ്സി ജോണ്‍സണാണ് ഭാര്യ. മക്കള്‍: കിരണ്‍, കെവിന്‍.

Related Articles

Back to top button